കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വംബോര്‍ഡ് ഒരുങ്ങുന്നു. എന്നാല്‍ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് ബോര്‍ഡിനുവേണ്ടി നേരത്തേ ഹാജരായ അഭിഭാഷകര്‍ പറയുന്നു. സ്ഥിതി റിപ്പോര്‍ട്ട് കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാമെന്നും പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും അഭിഭാഷകര്‍ സൂചിപ്പിച്ചു.
കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട എല്ലാ പുനഃപരിശോധനാ ഹര്‍ജികളിലും ദേവസ്വംബോര്‍ഡ് കക്ഷിയാണ്. അതിനാല്‍ പ്രത്യേകിച്ച് പുനഃപരിശോധനാ ഹര്‍ജി നല്‍കാതെ റിട്ട് ഹര്‍ജിയിലൂടെ വിഷയം സുപ്രീംകോടതിക്കു മുമ്പില്‍ എത്തിക്കുന്നതിന്റെ സാധ്യതയും ദേവസ്വം ബോര്‍ഡ് ആരായുന്നുണ്ട്.
വിധിയില്‍ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമെന്നാണു വ്യവസ്ഥ. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിധിച്ചത്. 10 50 പ്രായഗണത്തിലെ സ്ത്രീകളെ ആര്‍ത്തവ കാരണത്താല്‍ വിലക്കുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വിധിച്ചു. എന്നാല്‍, ശബരിമലയിലെ വിലക്ക് മാത്രം ഉന്നയിച്ചുള്ളതായിരുന്നു ഹര്‍ജി. എല്ലാ ക്ഷേത്രങ്ങള്‍ക്കു ബാധകമായിട്ടുള്ള വ്യവസ്ഥയാണ് റദ്ദാക്കിയിട്ടുള്ളത്. ശബരിമലയ്ക്കു പ്രത്യേകമായി ചട്ടപരമായ വ്യവസ്ഥകളില്ല, ആചാരമുണ്ട്.
പ്രായഗണം പറഞ്ഞല്ല ചട്ടത്തില്‍ വിലക്കു നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആരാധനാ സ്ഥലത്തു പ്രവേശിക്കാന്‍ ആചാരപരമായി വിലക്കുള്ള സമയത്ത് പ്രവേശിക്കരുതെന്നാണ് ചട്ടത്തില്‍ പറയുന്നത്. അതിനെ പൊതുവില്‍ പ്രായഗണ വിലക്കായി കോടതി വിലയിരുത്തുന്നുവെന്നും അത് പിഴവാണെന്നും അഭിഭാഷകര്‍ വിലയിരുത്തുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമായ ചട്ടം റദ്ദാക്കുംമുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് ചോദിച്ചത്. മറ്റു ബോര്‍ഡുകള്‍ക്കു പറയാനുള്ളതു കേട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍, പുനഃപരിശോധനാ ഹര്‍ജി അനുകൂലമായി പരിഗണിക്കപ്പെടാമത്രേ.
ആചാരം കോടതി തീരുമാനിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്നും വിഷയം ഏഴംഗ ബെഞ്ചിലേക്കു പോയാല്‍ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുമാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് ഡല്‍ഹിയിലുള്ള നിയമവിദഗ്ധരുടെ സംഘവുമായി ബോര്‍ഡ് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച രാവിലെ 11-ന് ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. ശബരിമലയിലെ ഗുരുതര പ്രതിസന്ധി വിവരിക്കുന്ന റിപ്പോര്‍ട്ടില്‍ തന്ത്രിമാരുടെയും പന്തളം രാജകുടുംബത്തിന്റെ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സുപ്രീംകോടതിവിധി നടപ്പാക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ കോടതിയലക്ഷ്യത്തിനു പുറമേ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന നിയമോപദേശമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചതെന്നറിയുന്നു. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച കാര്യങ്ങള്‍ വ്യക്തമായി പറയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.
തകരാറിലായ ക്രമസമാധാനനില കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത് വെട്ടിലാക്കുമോയെന്ന സംശയമാണ് സര്‍ക്കാരിന്. ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് നിയമം നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ കഴിവുകേടായി കോടതി വിലയിരുത്തുമോയെന്നാണ് നിയമവിദഗ്ധര്‍ ഉന്നയിച്ച ആശങ്ക. നിയമവാഴ്ചയെത്തന്നെ ചോദ്യംചെയ്യുന്നതായാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പും ചോദ്യംചെയ്യപ്പെട്ടേക്കാം. ഈ നിയമോപദേശം ലഭിച്ചതോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ ഒരു ദിവസം കൂടി കഴിഞ്ഞാകാമെന്ന നിര്‍ദേശമുണ്ടായത്.
തിങ്കളാഴ്ച ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. കോടതിവിധി നടപ്പാക്കാമെന്ന നയമാണ് സര്‍ക്കാരിന്റേത്. എന്നാല്‍, ശബരിമലയിലെ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിക്കുന്നുവെന്ന തിരിച്ചറിവില്‍ വിശ്വാസസംരക്ഷണമെന്ന നിലപാടിലേക്ക് സര്‍ക്കാരും അയഞ്ഞതായാണ് സൂചന. ദേവസ്വംബോര്‍ഡിന് സ്വമേധയാ കേസില്‍ ഇടപെടാന്‍ അനുമതി നല്‍കിയതും ഇതിന്റെ ഭാഗമായാണ്.
കേസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ ചൊവ്വാഴ്ച ഡല്‍ഹിക്കു പോകും. ഈ കേസിന്റെ ചുമതല ദീര്‍ഘകാലമായി സുപ്രീംകോടതിയില്‍ വഹിച്ചിരുന്ന ദേവസ്വംബോര്‍ഡിന്റെ അഭിഭാഷക ബീനാമാധവനുമായും മുമ്പ് ബോര്‍ഡിന്റെ കേസിന് സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയുമായും കമ്മിഷണര്‍ ചര്‍ച്ച നടത്തും.
അതേസമയം 50 വയസ്സില്‍ താഴെയുള്ള 5 സ്ത്രീകള്‍ കൂടി ദര്‍ശനത്തിനു ശ്രമിച്ചെങ്കിലും എതിര്‍പ്പു മൂലം മടങ്ങി. കോഴിക്കോട്ട് അധ്യാപികയായ ബിന്ദു ടി. വാസുവിനു (43) നിലയ്ക്കലിനു സമീപം വട്ടപ്പാറയില്‍ വച്ചു തന്നെ മടങ്ങേണ്ടിവന്നു. മറ്റു 4 സ്ത്രീകള്‍ ആന്ധ്രയില്‍നിന്നുള്ളവരാണ്. രാത്രി എഴരയോടെ പടിപൂജയുടെ സമയത്തു യുവതി എത്തിയെന്ന അഭ്യൂഹം മൂലം സന്നിധാനത്തു ഭക്തര്‍ വലയം തീര്‍ത്തു. പ്രചാരണം തെറ്റെന്നു പരിശോധനയില്‍ വ്യക്തമായി
Leave a Comment