ശബരിമല നട ഇന്ന് അടയ്ക്കും; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; ബിജെപി സമരം തുടരും

ശബരിമല: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണു മുന്‍പു കേസ് വാദിച്ച മനു അഭിഷേക് സിങ്‌വിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാമെന്നു ധാരണയായത്.

മറ്റു ചില സുപ്രീം കോടതി അഭിഭാഷകരും ഇതേ പ്രശ്‌നം ചൂണ്ടിക്കാട്ടി. ഇന്നു യുഎഇയില്‍നിന്നു മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടുകൂടി തേടിയശേഷം തുടര്‍നടപടിയാകാമെന്ന് ഇതോടെ ബോര്‍ഡ് തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്തു തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തേക്കും. ബോര്‍ഡിന്റെ നിസ്സഹായതയും സമ്മര്‍ദവും പ്രസിഡന്റ് എ. പത്മകുമാര്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാനായിരുന്നു കോടിയേരിയുടെയും നിര്‍ദേശമെന്നാണു സൂചന.

ശബരിമല നട ഇന്ന് അടയ്ക്കുമെങ്കിലും ബിജെപിയും സഹസംഘടനകളും സമരം തുടരും. 23 മുതല്‍ 30 വരെ പഞ്ചായത്തു തലത്തില്‍ ഉപവാസസമരവും നവംബര്‍ 1 മുതല്‍ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് ഓര്‍ഡിനന്‍സിനു തയാറാകുന്നില്ലെന്ന ചോദ്യം പാര്‍ട്ടി നേരിടുന്നുണ്ട്.

കേരളത്തിലെ തീര്‍ഥാടന കേന്ദ്രത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ എങ്ങനെ നിയമം സാധ്യമാകുമെന്ന മറുചോദ്യമാണു ബിജെപി നേതാക്കളുടേത്. സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ കേന്ദ്രം അഭിപ്രായം അറിയിക്കുമോയെന്ന ആകാംക്ഷയുമുണ്ട്.

pathram:
Related Post
Leave a Comment