ശബരിമല: സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയിലെ നാലിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കുമെന്ന് കളക്ടര്‍ പി.ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ടെന്നും ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭങ്ങളും അനുവദിക്കില്ല. എന്നാല്‍, സന്നിധാനത്തേ് എത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ച പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം നീങ്ങിയിട്ടുള്ളത്. നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ അടക്കമുള്ളവ തകര്‍ത്തിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി.
മാതൃഭൂമി ന്യൂസിന്റെ ക്യാമറ തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനും ക്യാമറാമാന്മാരായ അഭിലാഷ്, സുധീഷ് എന്നിവര്‍ക്കും നേരെ ആക്രമണമുണ്ടായി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകന്റെ കൈ ഒടിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് അക്രമ സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം. വ്യാഴാഴ്ചത്തേക്ക് മാത്രമാവും നിരോധനാജ്ഞ. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുന്നകാര്യം പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നേരിടാന്‍ കമാന്‍ഡോകള്‍ അടക്കമുള്ള കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ശബരിമലയിലെത്തും