കൊച്ചി: ഭാവിയില്‍ തങ്ങളുടെ സിനിമാ നിര്‍മ്മാണ കമ്പനി ചിത്രീകരിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇന്റേണല്‍ കംപ്ലൈയ്ന്റ് കമ്മിറ്റി(ഐസിസി) പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സംവിധിയാകന്‍ ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ആഷിഖ് അബുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഞങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ICC (Internal Complaint Committee) പ്രവര്‍ത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാം.
സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും !
അമ്മയും വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ആഷിഖ് അബു തന്റെ നിലപാട് വ്യക്തമാക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവിലെ അംഗങ്ങളായ നടിമാര്‍ ഈ ആവശ്യം നേരത്തെ മുതല്‍ ഉന്നയിക്കുന്നതായിരുന്നു. ഒപിഎം ഡ്രീം മില്‍ സിനിമാസ് എന്നാണ് ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര്. മഹേഷിന്റെ പ്രതികാരം, മായാനദി എന്നിവ ആഷിഖ് അബു നിര്‍മ്മാണ കമ്പനിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു.
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന താരസംഘടന നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്ത് ഡബ്ല്യൂസിസി അംഗങ്ങള്‍ നേരത്തെ തന്നെ രംഗത്തുണ്ട്. ദിലീപിനെ തിരിച്ചെടുത്ത അമ്മ ജനറല്‍ ബോഡിയോഗ തീരുമാനം പുനഃപരിശോധിക്കണമെന്നും അമ്മയുടെ ബൈലോ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും നേരത്തെ ഇവര്‍ കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ അമ്മ നേതൃത്വം തീരുമാനമെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന ഇന്നലെ ഡബ്യുസിസി താരസംഘടനയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു