ഡബ്ലിയുസിസി അംഗങ്ങള്‍ക്കുനേരെ ‘വാക്കാല്‍ ബലാത്സംഗം’ മോഹന്‍ലാലിനെ അനാവശ്യമായി വലിച്ചിഴച്ചാല്‍ വിധം മാറുമെന്ന ഭീഷണി

കൊച്ചി: താരസംഘടനയായ എഎംഎംഎ നേതൃത്വത്തിനും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം ഡബ്ലിയുസിസിയ്ക്ക് നേരെ വീണ്ടും സൈബറാക്രമണം. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പേജിലാണ് നടിമാര്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങളുന്നയിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം.വനിതാകൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ പ്രമുഖനടന്‍മാരുടെ ഫാന്‍സ് അസഭ്യവര്‍ഷവും അധിക്ഷേപവും തുടരുകയാണ്. ഡബ്ലിയുസിസിയെ പിന്തുണച്ച് രംഗത്ത് വരുന്നവരെയും സംഘടിതമായി ആക്രമിക്കുന്നുണ്ട്. എറണാകുളം പ്രസ് ക്ലബില്‍ വച്ചു ശനിയാഴ്ച്ച നടന്ന സമ്മേളനം WCC യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ആ ഫേസ്ബുക്ക് ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.
മോഹന്‍ലാലിനെ അനാവശ്യമായി വലിച്ചിഴച്ചാല്‍ വിധം മാറുമെന്ന ഭീഷണിയും ഫാന്‍സ് മുഴക്കുന്നുണ്ട്. മോഹന്‍ലാല്‍ പേരെടുത്ത് പറയാതെ തങ്ങളെ അപമാനിച്ചു എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടുള്ള ധാരാളം കമന്റുകളുമുണ്ട്. നടി എന്നതിന് പകരം ചില തെറിവാക്കുകളാണ് ‘ലാലേട്ടന്‍’ ഉപയോഗിക്കേണ്ടിയിരുന്നതെന്നാണ് ചിലരുടെ അഭിപ്രായം. ദിലീപിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വീരവാദവും ഫാന്‍സ് മുഴക്കുന്നു. ഡബ്ലിയുസിസി ഭാരവാഹികളേയും മീ റ്റു മുന്നേറ്റത്തേയും അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.
പത്ര സമ്മേളനത്തില്‍ സംസാരിച്ച രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരെ ഫീല്‍ഡ് ഔട്ട് ആയ നടിമാരെന്നാണ് ചില ഫാന്‍സ് കമന്റുകളില്‍ പരാമര്‍ശിക്കുന്നത്. പേരെടുത്ത് പറഞ്ഞ് ഓരോ നടിമാരേയും അവഹേളിക്കുന്നതോടൊപ്പം ഇനി തീയേറ്ററില്‍ അവരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. തങ്ങള്‍ക്കെതിരെ ഉയരുന്ന അശ്ലീല പരാമര്‍ശങ്ങളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ നടിമാര്‍ പരാതിപ്പെട്ടിരുന്നു. എന്തു തന്നെ വന്നാലും തങ്ങളുടെ നിലപാടുകളില്‍ നിന്നും പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും വാര്‍ത്താ സമ്മേളനത്തിനിടയില്‍ ഡബ്ലിയുസിസി അംഗങ്ങള്‍ പറഞ്ഞു.
തങ്ങളുടെ ഫേസ്ബുക്ക് പേജിലെത്തി വലിയൊരുകൂട്ടമാളുകള്‍ അതിരൂക്ഷമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. താങ്ങാനാവാത്ത തരത്തിലുള്ള ‘വാക്കാല്‍ ബലാത്സംഗം’ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രതികരണങ്ങള്‍ ഹൈഡ് ചെയ്തിടുകയാണെന്നും വനിതാ കൂട്ടായ്മ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7