നുമ്മ ഊണ് വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലും

കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെ വിശപ്പുരഹിതനഗരം പദ്ധതി നുമ്മ ഊണ് വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലും ലഭ്യമാകും. കളക്ടറേറ്റില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് മനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ പ്രഭാത് സിംഗ് വെബ്‌സെറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷത വഹിച്ചു.

ആവശ്യക്കാരനിലേയ്ക്ക് കൃത്യമായി സഹായമെത്തിയ്ക്കാനാകുന്നതിനാല്‍ നുമ്മ ഊണ് പദ്ധതി വിജയമാണെന്ന് പ്രഭാത് സിംഗ് പറഞ്ഞു. ലോകത്തിനുതന്നെ മാതൃകയായ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. നമ്മുടെ നാട്ടില്‍ വരുന്ന ആരും ഒരുനേരത്തെ ഭക്ഷണത്തിനായി അലയരുത്. ആ കരുതലുണ്ടായാല്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടുതന്നെയാകും. വിശപ്പുരഹിതനഗരം എന്നതില്‍നിന്നുമുയര്‍ന്ന് വിശപ്പുരഹിത ഇന്ത്യ എന്ന സങ്കല്‍പ്പത്തിലേയ്ക്കുയരാന്‍ പദ്ധതിയുടെ സ്വീകാര്യത പ്രചോദനം നല്‍കുന്നു. വെബ്‌സൈറ്റില്‍ വിവരം ലഭ്യമാകുന്നതോടെ പദ്ധതി സുതാര്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതല്‍പേരിലേയ്ക്ക് വിവരമെത്തുകവഴി നിരവധിപേര്‍ ഉദ്യമത്തില്‍ അണിചേരും. പദ്ധതിയുടെ വ്യാപനത്തിന് അത് ഊര്‍ജ്ജമേകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മുഴുവന്‍ വ്യാപിപ്പിക്കത്ത വിധം പ്രാധാന്യമര്‍ഹിയ്ക്കുന്ന പദ്ധതിയാണിതെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ ഓഫീസില്‍നിന്നും ജില്ലാ ഭരണകൂടത്തെ ക്ഷണിച്ചതു പ്രകാരം പദ്ധതിയുടെ നടത്തിപ്പും വീക്ഷണവും സംബന്ധിച്ച് ജില്ലാ കളക്ടര്‍ ദില്ലിയിലെത്തി രണ്ടു തവണ വിശദീകരണം നല്‍കിയിരുന്നു. രാജ്യതലസ്ഥാനത്തിന് പദ്ധതി പ്രചോദനമായി മാറിയെന്ന് കൂടിക്കാഴ്ചയില്‍നിന്നും മനസ്സിലാക്കാനായെന്നും കളക്ടര്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി എട്ടു മാസം പിന്നിടുമ്പോള്‍ പൊതുജനപങ്കാളിത്തത്താല്‍ വിപുലവും അര്‍ത്ഥപൂര്‍ണ്ണവുമായി മാറിയിരിയ്ക്കുകയാണ്. അതിനാലാണ് വെബ്‌സൈറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഏതൊക്കെ തരത്തില്‍ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുമെന്ന് പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. സുസ്ഥിരവികസനം എന്ന സങ്കല്‍പ്പമാണ് പദ്ധതിയുടെ നടത്തിപ്പിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിപ്രവര്‍ത്തനം സാമൂഹ്യ സേവനമായാണ് കാണുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു.

പൊതുജനങ്ങളില്‍നിന്നും വളണ്ടിയര്‍മാരില്‍ നിന്നുമുള്ള അഭിപ്രായ ശേഖരണത്തിലൂടെ നുമ്മ ഊണ് പദ്ധതിയിലെ മികച്ച ഹോട്ടലുകളായി ആലുവയിലെ സാഗര്‍, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ രാം നിവാസ് , മൂവാറ്റുപുഴയിലെ നാന എന്നിവയെ തെരഞ്ഞെടുത്തു. പ്രതിനിധികള്‍ ജില്ലാ കളക്ടറില്‍നിന്നും ഉപഹാരം ഏറ്റുവാങ്ങി. നുമ്മ ഊണ് പദ്ധതി വോളന്റിയര്‍മാരായ ഭാരത് മാത കോളേജിലെ എം.എസ്.ഡ്യൂ വിദ്യാര്‍ത്ഥികള്‍ക്കും പ്രളയകാലത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി കേരള ഹോട്ടല്‍ ആന്റ് റസിഡന്റ്‌സ് അസോസിയേഷനും ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി. പദ്ധതിയുമായി സഹകരിയ്ക്കുന്ന എല്ലാ ഹോട്ടലുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിനുവേണ്ടി പെട്രോനെറ്റ് തയ്യാറാക്കിയ നുമ്മ ഊണ് ഹ്രസ്വ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

പെട്രോനെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ടി.എന്‍. നീലകണ്ഠന്‍, കേരള ഹോട്ടല്‍ ആന്റ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അസീസ് മൂസ, പെട്രോനെറ്റ് സീനിയര്‍ മനേജര്‍ ടി.ബി. നായര്‍, നുമ്മ ഊണ് കോര്‍ഡിനേറ്റര്‍ സി.കെ പ്രകാശ്, പരിഹാരം സെല്‍ ജൂനിയര്‍ സൂപ്രണ്ട് മീന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

എറണാകുളം ജില്ലയില്‍ ഒരാള്‍ പോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡും കേരള ഹോട്ടല്‍ ആന്റ് റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായാണ് നുമ്മ ഊണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എ.സി മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരുന്നു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിത്യേന 100 കൂപ്പണുകളാണ് നല്കിയിരുന്നത്. പദ്ധതി വിജയമായതോടെ രണ്ടാം ഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 300 ആക്കുകയും മൂന്നാം ഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 500 ആക്കുകയും ഗ്രാമങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുകയുമായിരുന്നു. നിലവില്‍ 20 കേന്ദ്രങ്ങളില്‍നിന്നും കൂപ്പണ്‍ വിതരണം ചെയ്യുകയും 39 ഹോട്ടലുകളില്‍നിന്ന് സൗജന്യഭക്ഷണം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7