കോഴിക്കോട് നിന്ന് കൊടുങ്ങല്ലൂരിലെത്താന്‍ കൂടുതല്‍ സമയം എടുത്തു; ഇടയ്ക്ക് ഉറങ്ങിയെന്ന് ഡ്രൈവര്‍ പറഞ്ഞത് കള്ളം; സീറ്റ് ബെല്‍റ്റ് ധരിച്ചെന്നു പറഞ്ഞതിലും സംശയം; ദുരൂഹതകള്‍ ഒഴിയാതെ ഹനാന്റെ വാഹനാപകടം

കൊച്ചി: പഠനത്തിനിടെ മത്സ്യവില്‍പ്പന നടത്തി ശ്രദ്ധനേടിയ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെപ്പറ്റി സംശയമുണ്ടെന്ന് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ടുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊടുങ്ങല്ലൂരില്‍ വച്ച് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഹനാന്‍ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയാണ് ഹനാന്‍ ഇപ്പോള്‍. കോഴിക്കോടുനിന്ന് കൊടുങ്ങല്ലൂരിലെത്താന്‍ സമയം കൂടുതലെടുത്തതും അപകടത്തെപ്പറ്റി ഡ്രൈവര്‍ കള്ളം പറഞ്ഞതും അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഹനാന് സംശയത്തിനിടയാക്കുന്നു.

അപകടം നടന്ന ദിവസം കൂട്ടുകാരിയുടെ വാഹനത്തിലാണ് സഞ്ചരിച്ചത്. രണ്ട് ദിവസത്തേക്കുവേണ്ടിയാണ് ഡ്രൈവറെ ഏര്‍പ്പെടുത്തിയത്. അടുത്ത കൂട്ടുകാരിയാണ് ഡ്രൈവറെ ഏര്‍പ്പെടുത്തിത്തന്നത്. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 5.30 പുറപ്പെട്ട് വാഹനം കോഴിക്കോട് മുക്കത്ത് അടുത്ത ദിവസം പുലര്‍ച്ചെ എത്തി. എന്നാല്‍, വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം താന്‍ കോഴിക്കോടുനിന്ന് വൈകീട്ട് 5.30 ന് പുറപ്പെട്ട വാഹനം പുലര്‍ച്ചെ ആറിനാണ് കൊടുങ്ങല്ലൂരിലെത്തിയത്. ഇടയ്ക്കുവച്ച് കാര്‍ നിര്‍ത്തി ഉറങ്ങിയെന്നാണ് ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ യാത്രയ്ക്കിടെ താന്‍ ഇടയ്ക്കിടെ ഉണര്‍ന്ന് സമയം നോക്കിയിരുന്നു. ഡ്രൈവര്‍ എവിടെയും വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങിയിട്ടില്ല. വാഹനം അത്യാവശ്യം വേഗത്തിലാണ് സഞ്ചരിച്ചത്.

അപകടം നടന്ന സമയത്ത് താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും ഡ്രൈവര്‍ കള്ളം പറഞ്ഞു. നേരം വൈകിയതും കള്ളം പറഞ്ഞതുമാണ് സംശയത്തിന് ഇടയാക്കിയത്. ആര്‍ക്കായാലും സംശയമുണ്ടാകാം. അത് ഇപ്പോഴുമുണ്ട്. അന്തിമ നിഗമനത്തിലെത്തേണ്ടത് പോലീസാണെന്നും ഹനാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഹനാന്റെ ചികിത്സാ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. അപകട വിവരമറിഞ്ഞ് ആശുപത്രി അധികൃതരുമായി മന്ത്രി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഹനാന്‍ സഞ്ചരിച്ച വാഹനം കൊടുങ്ങല്ലൂരില്‍വച്ച് വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന ഹനാന്റെ കാലിനാണ് പരിക്കേറ്റത്. നട്ടെല്ലിനും ക്ഷതമേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം ഹനാന്‍ വീല്‍ചെയറിലാണ്. അതില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും അവള്‍ക്ക് പരസഹായം വേണം.

കോളേജ് യൂണിഫോമില്‍ തമ്മനം റോഡരികില്‍ മീന്‍വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് ഹനാനെ കുറിച്ച് ലോകം അറിഞ്ഞത്. ഇപ്പോല്‍ തമ്മനത്ത് തന്റെ പുതിയ മത്സ്യക്കടയുടെ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഹനാന്‍ വീല്‍ചെയറില്‍ ആണ് എത്തിയിരിക്കുന്നത്. ഒരു മാസം കൊണ്ട് തനിയ്ക്ക് എഴുന്നേറ്റ് നടക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നും എങ്കിലും ഈ മാസം പത്തിന് തന്നെ കട തുറക്കാനാണ് ഹനാന്റെ ശ്രമം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7