ന്യൂഡല്‍ഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. ഇന്ധനത്തിനുള്ള തീരുവ 1.50 രൂപ സര്‍ക്കാര്‍ കുറച്ചപ്പോള്‍ എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അതേസമയം, കേന്ദ്രനികുതിയില്‍ കുറവുണ്ടാകില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍, ഡീസല്‍ വിലനിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സംസ്ഥാനങ്ങള്‍ തയാറായാല്‍ ഇന്ധനവിലയില്‍ അഞ്ചു രൂപവരെ കുറയ്ക്കാനാകും. സംസ്ഥാനങ്ങള്‍ 2.50 രൂപ വീതം കുറയ്ക്കണം. സംസ്ഥാനങ്ങള്‍ വില കുറച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കും. എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21,000 കോടിയുടെ നഷ്ടമുണ്ടാകും. നികുതിയിനത്തില്‍ മാത്രം 10,500 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.
ക്രൂ!ഡ് ഓയിലിന്റെ വിലവര്‍ധനയടക്കമുള്ളവയാണ് ഇന്ധനവില കൂടാന്‍ കാരണം. രാജ്യാന്തര വിപണിയെ യുഎസിന്റെ നിലപാടുകള്‍ ബാധിച്ചിരുന്നു. നമുക്കും അവ ബാധകമായിരുന്നു. ആദ്യപാദത്തിലെ ഫലം പരിശോധിക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയില്‍ 8.2 ശതമാനത്തിന്റെ വര്‍ധനവുണ്ട്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് 2.50 രൂപ വീതം നികുതിയില്‍ കുറച്ചത്.