സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപൂരം: ന്യൂനമര്‍ദ്ദമുന്നറിയിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുവാന്‍ വൈദ്യുത വകുപ്പിനെയും ജലവിഭവ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ഡാമുകളിലും 5-10-2018 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കണം. ഈ കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാ കളക്ടര്‍മാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാവൂ എന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഏതൊരു ഡാമിന്റെയും ഷട്ടര്‍ പുതുതായി തുറക്കുന്നത് പകല്‍ സമയത്ത് മാത്രമായിരിക്കണം. വൈകിട്ട് 6 മണിക്ക് ശേഷവും പകല്‍ 6 മണിക്ക് മുമ്പുള്ള സമയത്ത് ഡാം തുറക്കരുത് എന്നും വൈദ്യുത വകുപ്പിനോടും ജലവിഭവ വകുപ്പിനോടും എക്‌സിക്യൂട്ടീവ് കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ വയനാട്, ഇടുക്കി, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്ക് സാറ്റലൈറ് ഫോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനം മറ്റെല്ലാ കളക്ടര്‍മാര്‍ക്കും അടിയന്തിരമായി ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular