പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ സബ് ജയിലില്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്ക സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരെത്തിയിരുന്നു.
അതേസമയം ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് സിബിസിഐ കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. വിഷയം സങ്കീര്‍ണവും ഗൗരവതരവുമായതിനാല്‍ പരിശോധിച്ച് വരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പ്രതികരിക്കാത്തത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സിബിസിഐ കൂട്ടിച്ചേര്‍ത്തു.