ഇനി ചെറിയ കളികളില്ലാ…!! സച്ചിനില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം മോഹന്‍ലാല്‍ ഉണ്ട്

കൊച്ചി: ഐഎസ്എല്‍ 2017-18 സീസണിന് ആവേശമാകാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. മത്സരിത്തിന് തിരശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് മോഹന്‍ലാലെത്തിയത്. ഇത്തവണ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയുടെ അവതരണ ചടങ്ങിലാണ് മോഹന്‍ലാലിനെ ടീമിന്റെ അംബാസഡറായി പ്രഖ്യാപിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തിലെ യുവാക്കളിലും കുട്ടികളിലും ഫുട്‌ബോളിനോടുള്ള ഇഷ്ടം വളരാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സും പങ്കുവഹിക്കുന്നുണ്ട്. ഫുട്‌ബോളിന്റെ വേഗതയും മാസ്മരികതയും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്നുള്ളവരെ ഒരുമിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലേക്കുള്ള ജഴ്‌സിയും ചടങ്ങില്‍ പുറത്തിറക്കി.
ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയൊരംഗമുണ്ട്.. അത് സര്‍പ്രൈസ് ആണെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് പറഞ്ഞിരുന്നു..


കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബുമായി നാലു വര്‍ഷം നീണ്ട ബന്ധം ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അവസാനിപ്പിച്ചത് ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കിയിരുന്നു.. ബ്ലാസ്റ്റേഴ്‌സില്‍ തനിക്കുള്ള ഓഹരികള്‍ കൈമാറിയതായി സച്ചിന്‍ അറിയിക്കുകയായിരുന്നു. 2014ല്‍ ഐഎസ്എല്‍ ആരംഭിച്ചതു മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിഭാജ്യ ഘടകമായിരുന്ന സച്ചിന്‍, അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പടിയിറങ്ങുന്നതു ടീമിന്റെ ആരാധകര്‍ക്കു കനത്ത ആഘാതമായി.
എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ബ്ലാസ്റ്റേഴ്‌സ് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. ഈ കാലയളവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോടിക്കണക്കിന് ആരാധകര്‍ അനുഭവിച്ച എല്ലാ വികാരങ്ങളും ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍, അടുത്ത അഞ്ചു വര്‍ഷത്തേക്കും അതിനപ്പുറത്തേക്കുമുള്ള അടിത്തറ ക്ലബ് ഒരുക്കേണ്ടത് അനിവാര്യമാണ്.
ബ്ലാസ്റ്റേഴ്‌സുമായുള്ള ബന്ധം ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എക്കാലവും ബ്ലാസ്റ്റേഴ്‌സിനായി തുടിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

pathram:
Leave a Comment