അപകടസമയത്ത് വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌കര്‍; ഭാര്യയും മകളും മുന്‍സീറ്റില്‍ ആയിരുന്നു ; ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ…

മലയാളികളെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കഴിഞ്ഞദിവസം വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായ അപകടം. അപകടം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നയാള്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കറാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷിയായ നന്ദു എന്ന പ്രവീണ്‍ പറയുന്നു. ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും മുന്നിലെ സീറ്റിലാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ അര്‍ജ്ജുന്‍ പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അര്‍ജ്ജുന് ഉറക്കം വന്നപ്പോള്‍ ബാലഭാസ്‌ക്കര്‍ വണ്ടി ഓടിക്കുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇന്നോവ വലിയ വേഗത്തില്‍ ആയിരുന്നില്ല. അവസാന നിമിഷം ആക്സിലേറ്ററില്‍ അറിയാതെ കാല്‍ വെച്ച് പോയതാകാം അപകടത്തിന് കാരണം.

വലിയ ശബ്ദം കേട്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പുക മാത്രമാണ് കണ്ടത്. നന്ദുവിന്റെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് പ്രകാശത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡാഷ്ബോര്‍ഡില്‍ ചെന്ന് വീണ മകള്‍ തേജസ്വയുടെ മൂക്കില്‍ നിന്നും രക്തം ഒഴുകിയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. പിന്നീട് ഹൈവേ പൊലീസിന്റെ സഹായത്തോടെയാണ് മറ്റ് മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചത്. ബാലഭാസ്‌ക്കറിന്റെ വാഹനത്തിന് തൊട്ടു മുന്നിലായി മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ആളാണ് നന്ദു. ഒന്നരാഴ്ച മുന്‍പാണ് അര്‍ജ്ജുന്‍ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായത്. ഇവരുടെ ആദ്യ ദീര്‍ഘദൂര യാത്രയായിരുന്നു.

അതേസമയം ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌ക്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ബാലഭാസ്‌ക്കറും ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ബാലഭാസ്‌ക്കറിന്റെ നട്ടെല്ലിനാണ് ഗുരുതര പരുക്ക്. ശ്വാസകോശം, അടിവയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ ഗുരുതര പരുക്കുണ്ട്. ബാലഭാസ്‌കര്‍ കണ്ണ് തുറന്നതായും ആരോഗ്യ നില മെച്ചപ്പെട്ടതായും അടുപ്പമുള്ളവര്‍ പറയുന്നു. ആന്തരിക പരുക്കുകള്‍ കുറവായ ലക്ഷ്മി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മിയ്ക്ക് ബോധം തെളിഞ്ഞു. ഡ്രൈവര്‍ അര്‍ജ്ജുന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. മകള്‍ തേജസ്വനി ബാല ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചു.

കണ്ണ് തുറന്നു, ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മകളുടെ മൃതദേഹം തല്‍ക്കാലം സംസ്‌കരിക്കില്ല

pathram:
Leave a Comment