മുംബൈ: നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ ഇന്ധനവിലകുറയ്ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണു നീക്കം. ദിനംപ്രതി ഇന്ധനങ്ങളുടെ വില ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ നീക്കം.
അഞ്ചുവര്‍ഷമായി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സംസ്ഥാന എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇന്ധനത്തിന്റെ വിലകുറയ്ക്കുന്നതു മൂലമുണ്ടാകുന്ന നികുതി നഷ്ടം മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ നികത്താനാണ് ആലോചന. പ്രത്യേകിച്ചും കൂടുതല്‍ ചെലവുള്ള ഇടത്തരം വിലയ്ക്കുള്ള മദ്യത്തിന്റെ തീരുവ വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി.
പെട്രോള്‍, ഡീസലുകളെപ്പോലെ മദ്യവും ജിഎസ്ടിയില്‍ ഉള്‍പ്പെടാത്തതു മൂലം സംസ്ഥാനത്തിനു വന്‍ നികുതി വരുമാനമാണു ലഭിക്കുന്നത്. അതേസമയം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശയൊന്നും ലഭിച്ചിട്ടില്ലെന്നു സംസ്ഥാന എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വല്‍സ നായര്‍ സിങ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ ചാരായം, സൈനിക കാന്റീനിലെ മദ്യം എന്നിവയുടെ എക്‌സൈസ് തീരുവ 2015ല്‍ വര്‍ധിച്ചിരുന്നു. ബീയറിന്റെ തീരുവ കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചു. എന്നാല്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ തീരുവ 2013 നു ശേഷം ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമാണുള്ളത്.
2014ലെ നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയകാരണങ്ങളിലൊന്ന് അടിക്കടി ഉയര്‍ന്ന ഇന്ധനവിലയായിരുന്നു. അടുത്ത വര്‍ഷം നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഇന്ധന വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.