തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യുന്നു. പോലീസ് അകമ്പടിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയായേക്കും. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കോട്ടയം എസ്പി പറഞ്ഞു.
ഉപചോദ്യങ്ങളടക്കം ഇരുന്നൂറോളം ചോദ്യങ്ങളാണ് ഇന്ന് ബിഷപ്പിനോട് അന്വേഷണസംഘം ചോദിക്കുക. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താനാണ് ശ്രമം. തെളിവുകള്‍ നിരത്തി ക്രോസ് വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലാകും ഇന്ന് നടക്കുക.
ഇന്നലെ ഏഴുമണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിന്റെ മൊഴികള്‍ സ്ഥിരീകരിക്കുന്നതിനും പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നതിനുമാകും അന്വേഷണസംഘത്തിന്റെ ശ്രമം. താന്‍ കുറ്റക്കാരനല്ലെന്നാണ് ബിഷപ്പ ഇന്നലെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
വ്യക്തിവിരോധം തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കന്യാസ്ത്രീയുടെ പരാതിയെന്നും ബിഷപ് അറിയിച്ചു. തനിക്ക് അനുകൂലമായ തെളിവുകള്‍ ബിഷപ് അന്വേഷണസംഘത്തിന് മുന്നില്‍വച്ചിരുന്നു. ഇവയും അന്വേഷണസംഘം വിശകലനം ചെയ്തിട്ടുണ്ട്.