കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. ബിഷപ്പിന്റെ പ്രതിനിധികളായി കൊച്ചിയിലെത്തിയ മൂന്നംഗ സംഘമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്.
ഇതിനിടെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു. 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ബിഷപ്പ് ഇതുവരെ പൊലീസിനെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ കോട്ടയത്തുവച്ച് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൊലീസ് ആരംഭിച്ചു. ചോദ്യാവലി ഇന്ന് തയാറാക്കും. മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. മൂന്ന് സംഘങ്ങളായാണ് തെളിവെടുപ്പ് നടത്തിയത്.
സംസ്ഥാന സര്‍ക്കാറിനും ബിഷപ്പിനുമെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ശക്തമായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ഫ്രാങ്കോ മുളക്കല്‍ നീക്കം തുടങ്ങിയത്. ഹൈക്കോടതിയില്‍ നേരത്തേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികളില്‍ ബിഷപ്പിന് അനുകൂല നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഹരജി. പ്രത്യേക ലക്ഷ്യം വെച്ചാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും നിരപരാധിയായ തന്റെ അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാകും ഹരജി നല്‍കുക.
കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ഇന്നും സമര പന്തലിലെത്തിയത്.
സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരമാരംഭിച്ചു. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് സഹോദരി പറഞ്ഞു.
സിസ്റ്റര്‍ ജെസ്മി, യാക്കോബായ സഭ വൈദികര്‍ തുടങ്ങി നിരവധി പേരാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്ന് സമരപ്പന്തലിലെത്തിയത്. ആദ്യദിനം മുതല്‍ നിരാഹാര സമരത്തിലുള്ള സ്റ്റീഫന്‍ മാത്യു ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. സമരപ്പന്തലില്‍ ആലോഷ്യ ജോസഫും നിരാഹാരം തുടരുന്നു.