ബിഷപ്പ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് ഭരണച്ചുമതലയില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്.

തനിക്കെതിരായ കേസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം വേണമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇത്തരത്തിലൊരു കത്ത് അയച്ചത്. ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. ഇക്കാര്യത്തിനായി പലതവണ കേരളത്തിലേക്ക് പോകേണ്ടി വരും. അതിനാല്‍ ഏറെസമയം രൂപതയില്‍ നിന്ന് മാറിനില്‍ക്കേണ്ടതുള്ളതിനാല്‍ ബിഷപ്പ് ഹൗസിന്റെ ഭരണചുമതലയില്‍ നിന്ന് ഒഴിയാന്‍ തന്നെ അനുവദിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കത്തയച്ച വിവരം ജലന്ധര്‍ രൂപത സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ഓസ്വാള്‍ ഗ്രേഷ്യസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്റെ ഭരണപരമായ ചുമതലകള്‍ മുതിര്‍ന്ന വൈദികര്‍ക്ക് നല്‍കി ബിഷപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കേരളത്തിലെ സംഭവവികാസങ്ങള്‍ ഓസ്വാള്‍ ഗ്രേഷ്യസ് മാര്‍പ്പാപ്പയെ ധരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് വത്തിക്കാനില്‍ നിന്ന് ബിഷപ്പിന് അനൗദ്യോഗിക നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം. ഇതേതുടര്‍ന്നാണ് ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്നും അറിയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7