തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐ അടക്കമുള്ളവരെ മര്‍ദിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ദുഃഖിക്കേണ്ടിവരുമെന്നു ഭീഷണിയും മുഴക്കി. വാഹനപരിശോധനക്കിടെ പിടികൂടിയ പാര്‍ട്ടി പ്രവര്‍ത്തകനെ എസ്‌ഐ മര്‍ദിച്ചെന്ന് ആരോപിച്ചു വെള്ളിയാഴ്ച രാത്രിയായിരുന്നു അതിക്രമം. സംഭവത്തില്‍ രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 25 സിപിഎമ്മുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എസ്‌ഐ അടക്കം മുഴുവന്‍ പൊലീസുകാരെയും അസഭ്യം പറഞ്ഞാണു രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ എസ്‌ഐ അടക്കമുള്ളവരെ പലതവണ മര്‍ദിച്ചു. വൈകിട്ടു നടത്തിയ വാഹന പരിശോധനക്കിടെ ഗതാഗത തടസം സൃഷ്ടിച്ചതിനു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി.എസ്.പത്മകുമാര്‍ എന്നിവരാണു ബഹളത്തിനു നേതൃത്വം നല്‍കിയതെന്നു പൊലീസ് പറഞ്ഞു. പഴയ കേസുകളുടെ പേരു പറഞ്ഞാണു ‘സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്ന’ ഭീഷണിയുണ്ടായത്. സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയതിനും മര്‍ദനത്തിനുമടക്കമാണ് 25 പേര്‍ക്കെതിരെ കേസെടുത്തത്. സിപിഎം പ്രവര്‍ത്തകരെ തുമ്പ എസ്‌ഐ കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് നേരത്തേയും സിപിഎം പ്രതിഷേധിച്ചിരുന്നു.