ധാക്ക: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. 48, 69 മിനിറ്റുകളിലായിരുന്നു മന്‍വീറിന്റെ ഗോളുകള്‍. ഇന്ത്യയുടെ മൂന്നാം ഗോള്‍ പകരക്കാരനായി ഇറങ്ങിയ സുമീത് പാസിയുടെ ബൂട്ടില്‍ നിന്നായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയന്‍ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി. ഗ്രൂപ്പ് റൗണ്ടിലെ രണ്ടു മത്സരങ്ങളിലും സെമിയിലും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ ആഷിഖിനായി.
88-ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ ഇന്ത്യയുടെ ലാല്ലിയാന്‍സുവാല ചാങ്തെയും പാതിസ്താന്റെ മുഹ്സിന്‍ അലിയും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. ഇത് നാലാം തവണയാണ് പാകിസ്താന്‍ സാഫ് കപ്പ് സെമിയില്‍ തോല്‍വി അറിയുന്നത്.
എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് 15ന് നടക്കുന്ന ഫൈനലിന് ഇന്ത്യ ഇറങ്ങുക. നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത മാലദ്വീപാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.