ന്യൂഡല്‍ഹി: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ ഈ ഓര്‍ഡിനനന്‍സുകള്‍ ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ കോടതിയുടെ അധികാരത്തില്‍ ഇടപെടുന്നതിനാണ് ശ്രമിച്ചത്. ഇതു പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദം അനുസരിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയത് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ വര്‍ഷം ഈ കോളജുകളിലെ പ്രവേശനവും സുപ്രീം കോടതി തടഞ്ഞു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി. ഇപ്പോഴിതാ, മെഡിക്കല്‍ ഓര്‍ഡിനന്‍സ് തന്നെ റദ്ദാക്കിയിരിക്കുകയാണ് കോടതി.