ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഉള്‍പ്പെടെ ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഉള്‍പ്പെടെ ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മീഡിയാ വണ്‍ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മിഷണറീസ് ഓഫ് ജീസസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷന് സമീപം പരസ്യമായി സമരത്തിന് ഇരിക്കുകയും സഭയ്ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരിയെയും അവരെ പിന്തുണയ്ക്കുന്നവരെയും പുറത്താക്കി ആരോപണവിധേയനെ സംരക്ഷിക്കാനുള്ള നീക്കം സഭ നടത്തുന്നത്.

ഫ്രാങ്കോയ്ക്ക് എതിരെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 77 ദിവസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും നടപടിക്രമങ്ങളില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കന്യാസ്ത്രീകളുടെ പന്തല്‍കെട്ടി സമരം ഇന്ന് അഞ്ചാം ദിവസം എത്തി നില്‍ക്കെ സര്‍ക്കാരിന് എതിരെയും പൊലീസിന് എതിരെയും വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ട് വരികയാണ്.

അതിനിടെ ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള ലൈംഗിക പീഡന പരാതിയിലെ അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം ചേരും. ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നാകും തീരുമാനം കൈക്കൊള്ളുക. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയാണ് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.

2014-16 കാലഘട്ടത്തില്‍ ബിഷപ്പ് ഫ്രാങ്കോ തന്നെ 13 വട്ടം ലൈംഗിക ചൂഷണം ചെയ്തു എന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഉള്‍പ്പെടെ നിരവധി പേരുടെ മൊഴി എടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.

അതിനിടെ കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നാളെ ഇതിന് മറുപടി നല്‍കണം.

Similar Articles

Comments

Advertismentspot_img

Most Popular