പി.കെ ശശിക്കെതിരെയുള്ള നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നല്‍കിയ പീഡനപരാതിയില്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ശശിക്കെതിരെയുളള കുരുക്ക് മുറുകുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി. ഇതിനിടെ ഉടന്‍ നടപടിയുണ്ടാകുമെന്ന സൂചന നല്‍കി സംഘടനാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ സിപിഎം നേതൃത്വം ശശിയോട് ആവശ്യപ്പെട്ടു.

യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ. ശശി എംഎല്‍എ പരസ്യപ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു. പരസ്യപ്രതികരണത്തിലുടെയുളള പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിഐടിയു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ വഹിക്കുന്ന ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഎം നേതൃത്വം ശശിയോട് ആവശ്യപ്പെട്ടത്.

ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ. ശ്രീമതി എംപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണ കമ്മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ശ്രീമതി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് കമ്മിഷന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ പരാതിക്കാരിയുടെ മൊഴി എടുക്കാനുളള നീക്കത്തിലാണ് കമ്മീഷന്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7