കോഴിക്കോട്: പ്രളയത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ സ്വന്തം പുറം ചവിട്ടു പടിയാക്കിയ മലപ്പുറം സ്വദേശി കെ.പി ജെയ്‌സലിന് മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ പാരിതോഷികമായി നല്‍കി. കോഴിക്കോട് ഇറാം മോട്ടേഴ്‌സ് ആണ് ജെയ്‌സലിന് മരാസോ സമ്മാനിച്ച് ആദരിച്ചത്. ജെയ്‌സലിന്റെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് സമൂഹത്തിന് ഏറെ മാതൃകയായി പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളി ജെയ്‌സലിനെ ആദരിക്കാന്‍ ഇറാം ഗ്രൂപ്പ് തയ്യാറായത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മനുഷ്യ സഹജമായ സേവനങ്ങളിലും ഇതിനു മുന്‍പും സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ഒരു വ്യവസായ ഗ്രൂപ്പാണ് ഡോ. സിദ്ദിഖ് അഹമദ്ദിന്റെ നേതൃത്വത്തിലുള്ള ഇറാന്‍ ഗ്രൂപ്പ്. നിരവധി സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുള്ള ഇറാം മോട്ടേഴ്‌സ് ശരീരം ചവിട്ടുപടിയാക്കിയ ജയ്‌സലിന് പുതിയ മരാസോ തന്നെ പാരിതോഷികമായി നല്‍കാന്‍ തീരുമാനിച്ചു. കേരളത്തില്‍ മരാസോ സ്വന്തമാക്കുന്ന ആദ്യ വ്യക്തി കൂടിയായി മാറിയിരിക്കുകയാണ് ജെയ്‌സല്‍.
കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര എംപിവി ശ്രേണിയില്‍ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ടിഗ എന്നീ വാഹനങ്ങള്‍ക്ക് വെല്ലുവിളിയായി മരാസോയെ വിപണിയില്‍ അവതരിപ്പിച്ചത്. 9.99 ലക്ഷം പ്രാരംഭ വിലയിലാണ് മരാസോ ഇന്ത്യയില്‍ എത്തിയത്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് മരാസോയ്ക്ക് കരുത്തേകുന്നത്. 123 ബിഎച്ച്പിയും 300 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇടംതേടിയിരിക്കുന്നത്.
സ്രാവിന്റെ മാതൃകയിലുള്ള എയറോഡൈനാമിക് ഡിസൈന്‍ ആണ് മരാസോയുടെ ഏറ്റവും വലിയ സവിശേഷത. സ്രാവിന്റെ പല്ലുകള്‍ പോലെ തോന്നിക്കുന്ന ഗ്രില്‍ ആണ് മുന്‍ഭാഗത്തെ മുഖ്യാകര്‍ഷണം. വിടര്‍ന്ന ബമ്പറുകള്‍, എല്‍ഇഡി ഹെഡ് ലാമ്പ്, ഡെ ടൈം റണ്ണിങ് ലാമ്പ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിലെ പ്രധാന സവിശേഷതകളാണ്. ഡിസ്‌ക് ബ്രേക്ക്, എബിഎസ്, ഡ്യുവല്‍ എയര്‍ബാഗുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ ഈ വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു.