മായാനദിക്ക് ശേഷം ഒരു ശ്രദ്ധേയ സിനിമയുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയ യുവനടന്‍ ടൊവീനോ തോമസ്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ‘തീവണ്ടി’ എന്ന പുരുഷ ചിത്രമാണ് ടൊവിനോയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയ്ലറും ഗാനങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ തീവണ്ടിയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നായിക സംയുക്ത മേനോന്‍.
ഒരു ചെയിന്‍ സ്മോക്കറാണ് ടൊവീനോയുടെ കഥാപാത്രമായ ബിനീഷ് ദാമോദരന്‍. ചിത്രത്തില്‍ ടൊവിനോയെ സംയുക്ത തല്ലുന്ന നിരവധി സീനുകളുണ്ട്. ഷൂട്ടിംഗ് സമയത്ത് 14തവണയാണ് താന്‍ ടൊവീനോയെ തല്ലിയതെന്നാണ് സംയുക്ത പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരിക്കലും ഈ സിനിമ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല. പുകവലി ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്നാണ് ഈ ചിത്രം പറയുന്നതെന്നും സംയുക്ത പറഞ്ഞു.
വളരെ പെട്ടെന്നായിരുന്നു തീവണ്ടിയിലേക്കുള്ള എത്തിപ്പെടലെന്നും സംയുക്ത പറഞ്ഞു. തീവണ്ടി ഒരു ട്രെയിന്‍ റിലേറ്റഡ് സിനിമയെന്നാണ് താന്‍ കരുതിയതെന്നും. പിന്നീട് സിനിമയെ കുറിച്ചുള്ള കഥ കൂടുതല്‍ വായിച്ചപ്പോള്‍ താന്‍ തീവണ്ടി ഇഷ്ടപ്പെടുകയും തീവണ്ടിയില്‍ കയറിക്കൂടുകയുമായിരുന്നുവെന്നും സംയുക്ത പറഞ്ഞു.
വിനി വിശ്വലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.