മലയാളികളുടെ മാനസ പുത്രിയായ ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാളികള്‍ ശ്രവിച്ചത്. നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ് ഹനാനിപ്പോള്‍. കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന അപകടത്തെക്കുറിച്ചു ഹനാന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ജിതേഷ് സംസാരിക്കുന്നു.
അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉത്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പോയതാണ്. ഒരു സ്വര്‍ണ്ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ മൂന്നു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഹനാന്‍ അന്ന് പങ്കെടുത്തു. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ മുന്നില്‍ നിന്നുമാണ് ഹനാന്‍ വണ്ടിയില്‍ കയറിയത്. അവിടെ തിരിച്ചെത്തിക്കാനാണ് പറഞ്ഞിരുന്നത്. ഉദ്ഘാടനശേഷം ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഹനാന്റെ സുഹൃത്തിന്റെ കാറായിരുന്നു. മുന്‍പരിചയം ഉണ്ടായിരുന്നതിനാലാണു കാറോടിക്കാന്‍ എന്നെ വിളിച്ചത്.
ഏകദേശം പുലര്‍ച്ചെ ആറരയോടെ കാര്‍ കൊടുങ്ങല്ലൂരില്‍ എത്തി. ഹനാന്‍ കാറിന്റെ സീറ്റ് പിന്നിലേക്ക് ചെരിച്ചിട്ട് ഉറങ്ങുകയായിരുന്നു. സീറ്റ് പിന്നിലേക്കു ചെരിച്ചിട്ടതിനാല്‍ സീറ്റ്‌ബെല്‍റ്റ് അല്‍പം ലൂസ് ആയിരുന്നു. അപ്രതീക്ഷിതമായി ഒരാള്‍ കാറിന്റെ മുന്നില്‍ വട്ടം ചാടി. അയാളെ രക്ഷിക്കുന്നതിനു വേണ്ടി വാഹനം എതിര്‍ദിശയിലേക്കു പെട്ടന്നു വെട്ടിച്ചു. ഇതോടെ കാറിന്റെ ഒരു ടയര്‍ റോഡില്‍നിന്നു താഴേക്കു തെന്നിമാറി. കാര്‍ മുന്നോട്ട് എടുക്കാന്‍ നോക്കിയപ്പോള്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്‍ സീറ്റില്‍നിന്നു മുകളിലേക്കു തെറിച്ചു. തിരിച്ചു വന്നു വീണപ്പോള്‍ നടു ഹാന്‍ഡ് ബ്രെക്കിലോ ഡോറിന്റെ പിടിയിലോ ഇടിച്ചു. ഞാന്‍ എങ്ങനെയോ പുറത്തിറങ്ങി. ഹനാന് ബോധം ഉണ്ടായിരുന്നു. എന്നാല്‍ കാലുകള്‍ അനക്കാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞു.
അതിലൂടെ കടന്നു പോയ ആംബുലന്‍സില്‍ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു എത്തിച്ചു. എക്‌സറേ എടുത്തപ്പോള്‍ നട്ടെല്ലിനു പൊട്ടലുണ്ടെന്ന് അറിഞ്ഞു. പിന്നീട് മെഡിക്കല്‍ ട്രസ്റ്റിലേക്കു മാറ്റി. ഹനാന്റെ വീട്ടില്‍നിന്ന് ആരും വരാനില്ല. ഹനാന്‍ പഠിച്ച കോളേജിലെ ചെയര്‍മാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ എപ്പോഴും കൂടെയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞു. ഐസിയുവില്‍ തന്നെയാണ് ഇപ്പോഴും. നാളെ റൂമിലേക്കു മാറ്റുമെന്നു പറഞ്ഞിട്ടുണ്ടെന്നും ഡ്രൈവര്‍ ജിതേഷ് പറഞ്ഞു.
പഠനം തുടരാനും ജീവിതം മുന്നോട്ടു നയിക്കാനും വേണ്ടി കോളജ് യൂണിഫോമില്‍ മത്സ്യകച്ചവടം ചെയ്യുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി ഒരു ദിവസം കൊണ്ടാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. തനിക്കു കിട്ടിയ സാമ്പത്തിക സഹായം ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നുവെന്ന വാര്‍ത്ത നിറകയ്യടികളോടെ മലയാളികള്‍ ഏറ്റെടുത്തത്.