കൊച്ചി: പരേതരാണന്നും സ്വന്തം പേരില്‍ വാഹനം ഉണ്ടെന്നും അടക്കമുളള ഇല്ലാത്ത കാരണങ്ങള്‍ നിരത്തി ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ആശ്വസിക്കാം. പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി ക്ഷേമപെന്‍ഷന് അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് മന്ത്രി എ.സി. മൊയ്തീന്റെ ഉറപ്പ്. ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് അര്‍ഹരായവരെ പുറത്താക്കിയെന്ന വാര്‍ത്ത വന്നതോടെയാണ് പുതിയ നടപടി.
ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് അകാരണമായി പുറത്താക്കപ്പെട്ടവര്‍ക്ക് സ്വന്തം പരാതി ബോധിപ്പിക്കാന്‍ പോലും അവസരം നല്‍കിയിരുന്നില്ല. 59000 പേരാണ് മരിച്ചുവെന്നും സ്വന്തമായി വാഹനമുണ്ടെന്നുമുളള പേരില്‍ പട്ടികയില്‍ നിന്ന് പുറത്തായത്. പദ്ധതിയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങള്‍ തോറും അദാലത്ത് സംഘടിപ്പിക്കണമെന്നുളള ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അര്‍ഹതയുണ്ടായിട്ടും ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുളള പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യം നഷ്ടമായവര്‍ പരാതി നല്‍കാതെ തന്നെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പദ്ധതിയുടെ ഭാഗമാക്കും. പട്ടികയില്‍ നിന്ന് പുറത്താക്കിയ കാലയളവിലുളള കുടിശികകൂടി എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പ്രതികരിച്ചു.