തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചന. ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് സ്ഥിരീകരിച്ചു.
കെട്ടിയിറക്കിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആയിരിക്കില്ല മോഹന്‍ലാലിനെ അവതരിപ്പിക്കുന്നത്. സാമൂഹ്യരംഗത്ത് സ്വീകാര്യതയുള്ള വ്യക്തി എന്ന നിലയ്ക്കാകും മോഹന്‍ലാലിനെ മത്സരിപ്പിക്കുക. പിന്നീട് അദ്ദേഹത്തെ ബി.ജെ.പിയില്‍ ചേര്‍ക്കും. നേരത്തെ മോഹന്‍ലാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായത്.
ആര്‍എസ്എസ് സംസ്ഥാന നേതൃത്വം നേരിട്ട നടത്തുന്ന ശ്രമങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള ആളുകളെ ഇതുവരെ അടുപ്പിച്ചിട്ടില്ല. വിശ്വശാന്തി ഫൗണ്ടേഷന്റെ പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നത്.
മോഹന്‍ലാലുമായി കൂടികാഴ്ച നടത്തിയ ആര്‍എസ് എസ് നേതൃത്വം സജീവമായ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. പകരം സാമൂഹിക സേവനങ്ങളിലേക്ക് കൂടുതല്‍ സജീവമായി മോഹന്‍ലാലിനെ രംഗത്ത് കൊണ്ടു വരുന്നതിനെ കുറിച്ച് സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് നിയമസഭാ സാമാജികനെ നല്‍കിയ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസ് ആലോചന. സിനിമയില്‍ തന്നെ നിലനില്‍ക്കുന്ന തിരുവനന്തപുരം ലോബിക്ക് ആര്‍എസ്എസ് ചായ്വ് ഉള്ളതാണ്. മോഹന്‍ലാലിനെ അവിടെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ ശശി തരൂരിനെ മറികടന്ന് കേരളത്തില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി ആക്കാമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.
കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ആക്കാനുള്ള പ്രഥമപരിഗണ പട്ടികയില്‍. എന്നാല്‍, അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് ആര്‍എസ്എസ് രണ്ടാം മുഖത്തെ തേടിയതു മോഹന്‍ലാലില്‍ എത്തിയതും. അതേസമയം ആര്‍എസ്എസ് ആവശ്യത്തോട് മുഖംതിരിച്ച് സ്ഥാനാര്‍ത്ഥിത്വ ഓഫര്‍ ഉപേക്ഷിക്കാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്.