സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു; ഇന്ന് മരിച്ചത് അഞ്ചുപേര്‍; നാല് ദിവസംകൊണ്ട് 35 മരണം

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എലിപ്പനി പടരുന്നു. ഇന്ന് മാത്രം എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ച് പേര്‍ കൂടി മരിച്ചു. നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 35 ആയി. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍(54), വടകര സ്വദേശിനി നാരായണി(80), തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58), കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് ഇന്നു മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു ജോസഫ് മാത്യു മരിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവരാണു രഞ്ജുവും അനില്‍ കുമാറും. ഞായറാഴ്ച സംസ്ഥാനത്ത് പത്തുപേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ മരിച്ചു.

വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 68 പേരില്‍ 33 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ 54 പേര്‍ ചികില്‍സയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചരുടെ എണ്ണം ഏഴായി. 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 44 പേര്‍ക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയില്‍ മൂന്നു പേര്‍ക്കും കോട്ടയത്തു രണ്ടുപേര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7