തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍. 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടലെങ്കിലും പരിച്ചുവിട്ടതില്‍ 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. ബോഡി നിര്‍മ്മാണം ഏജന്‍സിക്ക് നല്‍കിയതിനാല്‍ ഇവര്‍ക്ക് ജോലിയില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടലും നടന്നത്. പുനര്‍നിയമനമെന്ന വാഗ്ദാനം നടപ്പാകാനും ഇടയില്ല.
ബ്ലാക്‌സ്മിത്, പെയിന്റര്‍, അപ്‌ഹോള്‍സ്റ്റര്‍ എന്നിവരെയാണ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. പിരിച്ചുവിടപ്പെട്ടവരില്‍ നല്ലൊരു ശതമാനവും പണിയെടുക്കുന്നത് ബസ് ബോഡി നിര്‍മാണം നടക്കാത്ത ഡിപ്പോകളിലാണ്.
അതേസമയം പിരിച്ചുവിട്ടവരെ പുനര്‍വിന്യസിച്ച് ഇതര കാറ്റഗറിയിലേക്ക് മാറ്റുമെന്ന ഒരു വിശദീകരണവും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ ട്രേഡ് യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം സാമ്പത്തികപ്രതിസന്ധിയും ഇന്ധനക്ഷാമവും കാരണം കെഎസ്ആര്‍ടിസി ഒരുദിവസം സംസ്ഥാനത്തൊട്ടാകെ 3,33,117 കിലോമീറ്റര്‍ ദൂരം ഓട്ടം കുറയ്ക്കുന്നു. ഇതോടെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങും. ശനിയാഴ്ചമുതല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് 5,400 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഇതില്‍ ഒരുദിവസം 8,000 രൂപപോലും വരുമാനം കിട്ടാത്ത സര്‍വീസുകളെല്ലാം റദ്ദാക്കും. മൂന്നരക്കോടി രൂപയാണ് ഡീസലിനായി കെഎസ്ആര്‍ടിസി ചെലവിടുന്നത്. ഇത് രണ്ടരക്കോടിയാക്കി ചുരുക്കാന്‍ ഓടുന്ന ദൂരം വെട്ടിക്കുറക്കും.
നിലവില്‍ സംസ്ഥാനത്ത് ഒരുദിവസം 18,03,279 കിലോമീറ്റര്‍ ദൂരമാണ് കെഎസ്ആര്‍ടിസി ഓടുന്നത്. ഇതിന് 4,51,267 ലിറ്റര്‍ ഡീസല്‍ വേണം. 14,70,162 കിലോമീറ്റര്‍ ദൂരമായി ഓട്ടം ചുരുക്കുമ്പോള്‍ ഡീസല്‍ ഉപയോഗം 3,70,999 ലിറ്ററായി പരിമിതപ്പെടുത്താം. ഇതുവഴി സാമ്പത്തികപ്രതിസന്ധി താത്കാലികമായി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
ഡീസല്‍ കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി 185 കോടിയോളം കുടിശ്ശികയായി നല്‍കാനുണ്ട്. ടയര്‍ കമ്പനികള്‍ക്ക് 22 കോടിയും ബാധ്യതയായി നില്‍ക്കുന്നു. ഡീസല്‍ കമ്പനികള്‍ കൂടുതല്‍ കടം നല്‍കാതായതോടെയാണ് ഇന്ധനക്ഷാമം തുടങ്ങിയത്.