രാജീവ് ഗാന്ധിയെ ഇല്ലാതാക്കിയത് പോലെ മോദിയെ ഇല്ലാതാക്കന്‍ ശ്രമിച്ചു,അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ സഹായിച്ചിരുന്നതിന് തെളിവുണ്ടെന്ന് പൊലീസ്

മുംബൈ : മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ സഹായിച്ചിരുന്നു എന്നതിന് തങ്ങളുടെ പക്കല്‍ കൃത്യമായ തെളിവുണ്ട് എന്ന് മഹാരാഷ്ട്രാ പൊലീസ്. ഭീമാ കൊറേഗാവില്‍ ദലിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്ക് വഴിവെച്ചത് ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്തിന്റെ പരിപാടിയായിരുന്നു എന്നാണ് മഹാരാഷ്ട്രാ പൊലീസ് അവകാശപ്പെടുന്നത്.

” ബന്ധങ്ങളെല്ലാം സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് വിവിധ നഗരങ്ങളില്‍ കഴിയുന്ന ഈ ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുള്ളവരാണ് ഇവര്‍ എന്നുള്ളതിന് ഞങ്ങളുടെ പക്കല്‍ കൃത്യമായ തെളിവുകളുണ്ട്.” പൊലീസ് എഡിജിപി പരം ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ അറസ്റ്റിലായ മലയാളി റോണോ വില്‍സണിന്റെ ലാപ്‌ടോപില്‍ നിന്ന് കണ്ടെടുത്ത രേഖകളാണ് മഹാരാഷ്ട്ര പൊലീസ് തെളിവായി അവകാശപ്പെടുന്നത്. ‘ രാജീവ് ഗാന്ധിയുടേതിന് സമാനമായ രീതിയില്‍ മോദി-രാജ് ഇല്ലാതാക്കും എന്നാണ് റോണാ വില്‍സണ്‍ ഒരു സിപിഐ മാവോയിസ്റ്റ് നേതാവിന് അയച്ച കത്തില്‍ പറയുന്നത്,” പാസ്സ്വേര്‍ഡോട് കൂടിയ ആയിരക്കണക്കിന് രേഖകളാണ് ലാപ്‌ടോപില്‍ നിന്ന് കണ്ടെത്തിയത് എന്ന് പൊലീസ് ആരോപിച്ചു.

നഗരങ്ങളില്‍ കഴിയുന്ന ഒളിവിലുള്ള മാവോയിസ്റ്റുകളും തമ്മില്‍ കൈമാറിയിട്ടുള്ളത് ‘ആയിരക്കണക്കിന് കത്തുകളാണ്’ എന്ന് എഡിജിപി അവകാശപ്പെട്ടു. സമൂഹ മാധ്യമങ്ങളെ പ്രചരണത്തിനായി ഉപയോഗിക്കുന്നതിനെ കുറിച്ചും കത്തുകളില്‍ പ്രതിപാദിക്കുന്നുവെന്ന് എഡിജിപി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മഹാരാഷ്ട്രയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയുമായി ബന്ധമാരോപിച്ചുകൊണ്ടാണ് രാജ്യവ്യാപകമായി മഹാരാഷ്ട്ര പൊലീസ് റെയിഡ് നടത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍, ട്രെയിഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, ദലിത് പത്രപ്രവര്‍ത്തകര്‍ എഴുത്തുകാര്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പൊലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.

ഡല്‍ഹിയിലെ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്ലാഖ, ഹൈദരാബാദിലുള്ള എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വരവര റാവു, വരവരവര റാവുവിന്റെ മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെവി കൂര്‍മനാഥ്, മുംബൈയില്‍ ആക്ടിവിസ്റ്റുകളായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധാ ഭരദ്വജ്, റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി, ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടെ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.

Similar Articles

Comments

Advertismentspot_img

Most Popular