മാലിന്യത്തില്‍ ഇനി കോര്‍പ്പറേഷന്‍ കൈവയ്‌ക്കേണ്ട; സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാന്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നഗരസഭകളുടെ അധികാരം എടുത്തുമാറ്റാന്‍ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. പകരം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നഗരസഭാ പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതിനു പൊതു സ്ഥലത്തേക്കു കൊണ്ടു പോകുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നഗരസഭയുടെ അധികാര പരിധിയില്‍ നിന്ന് ഒഴിവാക്കി കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 326ാം വകുപ്പു ഭേദഗതി ചെയ്തു കൊണ്ടുള്ള ഓര്‍ഡിന്‍സാണ് ഇറക്കുന്നത്.

ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ മാലിന്യം ശേഖരിക്കല്‍, കൊണ്ടു പോകല്‍, സംസ്‌കരണം എന്നിവ സ്വകാര്യ ഏജന്‍സികളെ കൊണ്ടു ചെയ്യിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. രണ്ടിലേറെ നഗരസഭകളെ ഉള്‍പ്പെടുത്തി മാലിന്യ സംസ്‌കരണ പ്ലാന്റിനു പൊതു സ്ഥലം കണ്ടെത്തലും സ്ഥാപിക്കലും സര്‍ക്കാരിന്റെ ചുമതലയിലായിരിക്കും ചെയ്യുക.

നിലവില്‍ മാലിന്യ നീക്കം തദ്ദേശ സ്ഥാപനങ്ങളെയാണ് ഏല്‍പിച്ചിരിക്കുന്നത്. എന്നാല്‍, മാലിന്യ സംസ്‌കരണത്തില്‍ വിജയം വരിക്കാന്‍ നഗരസഭകള്‍ക്കു കഴിയാത്ത സാഹചര്യത്തിലാണു ഭേദഗതി. ഇതോടെ മാലിന്യ സംസ്‌കരണത്തിനു നഗരസഭകള്‍ക്കു ലഭിക്കുന്ന ഫണ്ട് ഫലത്തില്‍ ഇല്ലാതാകും. പഞ്ചായത്തുകളുടെ അധികാരത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

പ്രത്യേക നിയമസഭാ സമ്മേളനത്തെ തുടര്‍ന്ന്് അസാധുവാകുന്ന അഞ്ച്് ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതിനുള്ള കേരള വഖഫ് ബോര്‍ഡ് നിയമഭേദഗതി ഓര്‍ഡിനന്‍സ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്് അടക്കമുള്ളവയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള 2015 ലെ കേരള സ്‌പോര്‍ട്‌സ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ്, കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ഓര്‍ഡിനന്‍സ്, കാലിക്കറ്റ്് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്–സെനറ്റ് ബദല്‍ ക്രമീകരണ ഓര്‍ഡിനന്‍സ്, പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് എന്നിവയാണവ.

Similar Articles

Comments

Advertismentspot_img

Most Popular