ബോളിവുഡില്‍ നിന്ന് കോളിവുഡില്‍ പയറ്റാനൊരുങ്ങി അമിതാഭ് ബച്ചന്‍. തമിഴ് നടനും സംവിധായകനുമായ എസ്.ജെ.സൂര്യയ്ക്കൊപ്പം ‘ഉയര്‍ന്ത മനിതന്‍’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്.
താ തമിള്‍വണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം എസ്.ജെ.സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഹിന്ദി അരങ്ങേറ്റം ഇന്ത്യയുടെ നിത്യഹരിത സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനോടൊപ്പം ആകാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കരുതുന്നുവെന്ന് സൂര്യ പറഞ്ഞു. ചിത്രം ഹിന്ദിയിലും നിര്‍മ്മിക്കുന്നുണ്ട്.
രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രമൈന്ന് സൂര്യ രജനീകാന്തിനോട് പറുന്നത് അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേള്‍ക്കാം. ഇത്രയും നല്ലൊരു തിരക്കഥയുമായി മുന്നോട്ടു വന്നതിലും ബിഗ് ബിയെ അത് ബോധ്യപ്പെടുത്താന്‍ സാധിച്ചതിലും അദ്ദേഹം തമിഴ് വണ്ണനെ അഭിനന്ദിക്കുകയും ചെയ്തു.
തന്റെ സുഹൃത്ത് അമിതാഭ് ബച്ചന്‍ തമിഴില്‍ അഭിനയിക്കുന്നു എന്നത് തമിഴ് സിനിമയ്ക്ക് മുഴുവന്‍ അഭിമാനമാണെന്ന് രജനീകാന്ത് പറഞ്ഞു. ഈ സിനിമയിലൂടെ ഹിന്ദി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്ന എസ്.ജെ.സൂര്യയെക്കുറിച്ചും തനിക്ക് അതിയായ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.
Feeling blessed my hindi debut is with the ever green Indian super star @SrBachchan … thx to God and UYARNDHA MANIDHAN ( tamil/ hindi ) bilingual ??????…. thx to our super star @rajinikanth blessing us with this welcoming video …. yepdi news chumma adirudulla ?? pic.twitter.com/SKKQAMBKJp
— S J Suryah (@iam_SJSuryah) August 30, 2018
ഉയരമുള്ള മനുഷ്യന്‍ എന്നാണ് ‘ഉയര്‍ന്ത മനിതന്‍’ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ഒരുപക്ഷെ അമിതാഭിന്റെ ഉയരത്തെയാകാം അത് സൂചിപ്പിക്കുന്നത്. അതേസമയം ഒരു മനുഷ്യന്റെ മഹത്വത്തേയും ആ വാക്ക് സൂചിപ്പിക്കുന്നുണ്ട്. തിരുചെന്ദൂര്‍ മുരുഗന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുടെ പേരുകള്‍ വൈകാതെ പ്രഖ്യാപിക്കും എന്ന് സംവിധായകന്‍ തമിള്‍വണ്ണന്‍ അറിയിച്ചു.
”അമിതാഭ് സാറിന്റെ നാല്‍പതു ദിവസങ്ങളോളം വേണ്ടി വരും ഈ ചിത്രത്തിന്. എന്നാല്‍ അദ്ദേഹം ‘കോന്‍ ബനേഗ ക്രോര്‍പതി’യുടെയും മറ്റു ചില പരസ്യചിത്രങ്ങളുടേയും ഷൂട്ടിങ് തിരക്കുകളിലാണ്. അതുകൊണ്ട് 35 ദിവസം മതിയോ എന്ന് അദ്ദേഹം ചോദിച്ചു, ഞങ്ങള്‍ സമ്മതിക്കുകയും ചെയ്തു”.
അമിതാഭ് ബച്ചന്‍ ഇതിനു മുന്‍പ് തമിഴ് സിനിമയുടെ പിന്നണിയില്‍ എത്തിയിട്ടുണ്ട്, അജിത്തും വിക്രമും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ‘ഉല്ലാസം’ എന്ന സിനിമയുടെ നിര്‍മ്മാതാവായിട്ടായിരുന്നു അന്ന് അദ്ദേഹം എത്തിയത്.