ഇനി എത്രകുട്ടികള്‍ വേണമെങ്കിലും ആകാം….! ചൈന നയം തിരുത്തുന്നു

ബെയ്ജിങ്: കുഞ്ഞുങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം ചൈന പിന്‍വലിച്ചേക്കുമെന്ന് സൂചന. വര്‍ഷങ്ങളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത ചൈനീസ് ഔദ്യോഗിക മാധ്യമമാണ് പുറത്തു വിട്ടത്. ലോകമാകെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979ല്‍ ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം. ടിബറ്റ്, ഉയ്ഗുര്‍ വംശജര്‍ക്ക് ഇതില്‍ ഇളവുണ്ടായിരുന്നു. ഇവരുടെ ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍ രണ്ടാമതൊരു കുട്ടികൂടി ആകാമെന്ന് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്ന ഇളവ്.

ഒരു കുടുംബത്തിന് ഒന്നിലേറെ കുട്ടികളുണ്ടെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്നതിനാല്‍ സ്ത്രീകള്‍ പലരും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ഗര്‍ഭ നിരോധന ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്നത് വ്യാപകമായിരുന്നു. അനിയന്ത്രിതമായി വളരുന്ന ജനസംഖ്യാനിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഈ നയം നടപ്പിലാക്കിയത്. എന്നാല്‍ 2016 ല്‍ ദമ്പതികള്‍ക്ക് രണ്ടുകുട്ടികള്‍ വരെ ആകാം എന്ന തരത്തില്‍ നയത്തില്‍ ഇളവ് കൊണ്ടുവന്നിരുന്നു.

അതിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാനായില്ല. ശിശുജനന നിരക്കില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നയം തന്നെ എടുത്തുകളയാന്‍ ചൈന ശ്രമിക്കുന്നതെന്നാണ് സൂചന. 2020 ല്‍ ചൈനീസ് പാര്‍ലമെന്റായ പീപ്പിള്‍സ് കോണ്‍ഗ്രസ് ചേരുമ്പോള്‍ പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കും.

കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ലിംഗ സംന്തുലനത്തെ ബാധിച്ചിരുന്നു. മാത്രമല്ല രാജ്യത്ത് വൃദ്ധരായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്തു. ഇത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് കണ്ടതിനാണ് നയം മാറ്റുന്നതെന്നാണ് സൂചന.

നാഷണ്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മറ്റി പുതിയ തീരുമാനം ചര്‍ച്ചചെയ്തിട്ടുണ്ട്. മാത്രമല്ല വിവാഹ മോചനത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഒരുമാസത്തെ കൂളിങ് ഓഫ് പീരിയഡ് അനുവദിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്. ഈ സമയത്ത് അപേക്ഷ നല്‍കിയവര്‍ക്ക് ഇത് പിന്‍വലിക്കാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7