കൊച്ചി:കേരളം ദുരിതത്തില്‍ പെട്ടപ്പോള്‍ കോടികള്‍ വാങ്ങുന്ന നടന്മാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് നടനും എംഎല്‍എയും ആയ ഗണേഷ് കുമാറിന്റെ വിമര്‍ശനം. മലയാളികളുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന നടന്മാര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
‘നമ്മളാരേം തിരിച്ചറിയുന്നില്ല, കുഴപ്പക്കാരെ മാത്രമെ നമ്മള്‍ കാണുന്നുള്ളു. നല്ല മനസ്സുളള നിശബ്ദമായി സഹായിക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന പല സിനിമാക്കാരേയും കാണുന്നില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി വാങ്ങുന്ന മലയാളത്തിലെ ചില നടന്മാരെ കാണുന്നില്ല. അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ വാങ്ങുന്ന ഹാസ്യനടന്മാര്‍ അവരേയും കാണുന്നില്ല. സുരാജ് വെഞ്ഞാറമ്മൂടിനെ പോലെയുളള പാവങ്ങള്‍ സഹായിച്ചു. ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വരെ വാങ്ങുന്നവര്‍ മുഖ്യമന്ത്രിക്ക് അഞ്ച് പൈസ കൊടുത്തിട്ടില്ല. കോടിക്കണക്കിന് വാങ്ങുന്നവര്‍ പ്രസ്താവന ഇറക്കുകയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്യുന്നു. ഞാനൊരു കലാകാരന്‍ ആയത് കൊണ്ട് തന്നെ അതില്‍ പ്രതിഷേധം ഉണ്ട്’, ഗണേഷ് കുമാര്‍ പറഞ്ഞു.
‘ഫെയ്‌സ്ബുക്കില്‍ ഇരുന്ന് അഭിപ്രായം പറയുന്നവര്‍ ഈ ദുരന്തത്തില്‍ സഹായിക്കുന്നില്ല. പരല രാജ്യക്കാരും സഹായിച്ചു. കേരളവുമായി ബന്ധമില്ലാത്ത സിംഗപ്പൂര്‍ പൗരന്‍ വരെ സഹായിച്ചു. മലയാളികളുടെ സ്‌നേഹത്തിന്റെ പങ്കു പറ്റുന്ന പല നടന്മാരും അഞ്ച് പൈസ കൊടുത്തിട്ടില്ല. വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമാണ് സഹായിച്ചത്. ഇവരോട് ചോദിക്കണം കേരളത്തിന് ദുരിതം വന്നപ്പോള്‍ എന്ത് ചെയ്‌തെന്ന്’, ഗണേഷ്‌കുമാര്‍ പറഞ്ഞു.