തിരുവനന്തപുരം : തൃശൂരിലെ സ്വന്തം വീടില്‍ വെള്ളമൊഴിഞ്ഞതേയുള്ളൂ, വൃത്തിയാക്കി കഴിഞ്ഞില്ല. വൃത്തിയാക്കുന്നത്തിനിടയില്‍ മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ കിട്ടി. എല്ലാവരും പ്രയാസത്തിലാണ്. അതിനിടയിലാണ് രാപ്പകല്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കൊപ്പം ചേരാന്‍ വിളിയെത്തിയത്. വിളി വന്നതോടെ തിരുവനന്തപുരത്തേക്ക് വണ്ടികയറി. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനാണ്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ എക്കാലത്തെയും മിന്നും താരം ഇന്ന് മറ്റൊരു ഡ്യൂട്ടിയിലാണ്. കാക്കി യൂണിഫോമില്‍ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളില്‍ സേവനമനുഷ്ടിക്കുകയാണ് അദ്ദേഹമിപ്പോള്‍. കേരളാ പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ 22 താരങ്ങളെയും ജൂഡോ ടീമിന്റെ 8 താരങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഡ്യൂട്ടി ഏല്‍പ്പിച്ചപ്പോള്‍ അതിന്റെ നായകത്വം ഐഎം വിജയനും മുന്‍ പരിശീലകന്‍ ആന്‍സനുമാണ്.
പ്രളയക്കെടുതിയെ തുടര്‍ന്ന് വീട്ടുകാരൊക്കെ ബന്ധുവീട്ടില്‍ കഴിയുകയാണ്. തിരുവനന്തപുരത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണമടക്കമുള്ള ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന്റെ തിരക്കിലാണ് വിജയനും ടീമും.ഐജി മനോജ് അബ്രഹാമിന്റെ വിളി വന്നതോടെ ശനിയാഴ്ച്ച രാവിലെയാണ് താരങ്ങള്‍ പൊലീസ് ക്യാംപിലെത്തിയത്. പല സംഘങ്ങളായി വിവിധ സ്ഥലങ്ങളില്‍ വിന്യസിപ്പിച്ചവരുടെ കൂട്ടത്തില്‍ സന്തോഷ് ട്രോഫി താരങ്ങളായ രാഹുലും ഫിറോസും ഉണ്ട്.ഓണ നാളിലും കേരളാ പൊലീസിലെ കായിക താരങ്ങള്‍ ഡ്യൂട്ടിയിലായിരിക്കും.