”നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക”: മഞ്ജു വാരിയര്‍

കൊച്ചി:പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രചോദനം നല്‍കുന്ന പോസ്റ്റുമായി മഞ്ജു വാരിയര്‍. ‘ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക ‘എന്ന തലക്കെട്ടോടെയാണ് മഞ്ജു എഴുത്ത് പോസ്റ്റ് ചെയ്തത്.

മഞ്ജു എഴുതുന്നു:

ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക!

പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: ‘ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?’
അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി പറഞ്ഞു: ‘തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും. എന്തുവന്നാലും പേടിച്ച് ജീവനൊടുക്കാന്‍ പോകില്ല. എല്ലാ മനുഷ്യരിലും ഈ ഒരു ശക്തിയുണ്ട്. നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുന്നതുപോലെയിരിക്കും.’ ഇപ്പോള്‍ ഇക്കാര്യം ആലോചിച്ചത് ചില പത്രവാര്‍ത്തകള്‍ കണ്ടപ്പോഴാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍ ജീവിതത്തിന് അവസാനമിടുന്നു. ഒരു തരം ഒളിച്ചോട്ടമെന്നേ അതിനേ പറയാനാകൂ. ആത്മഹത്യയല്ല ഉത്തരം. ജീവിച്ചുകാണിച്ചുകൊടുക്കലാണ്. കാലത്തോടും പ്രളയത്തോടുള്ള മറുപടി അതാണ്. ജലം കൊണ്ട് മലയാളികള്‍ക്ക് മുറിവേല്ക്കുകയായിരുന്നില്ല, പൊള്ളുകയായിരുന്നു. എല്ലാം ഉരുകിയൊലിച്ചുപോയി. അതിന്റെ വേദന എത്ര മറക്കാന്‍ ശ്രമിച്ചാലും മനസില്‍നിന്ന് പോകില്ല. പക്ഷേ സര്‍വനഷ്ടത്തിന്റെ ആ മുനമ്പില്‍നിന്ന് മരണത്തിലേക്ക് എടുത്തുചാടാന്‍ തുനിയുന്നവര്‍ ഒരുനിമിഷം ആലോചിക്കുക. നിങ്ങള്‍ സ്വയം ഇല്ലാതാകുന്നതുകൊണ്ട് നഷ്ടമായതെല്ലാം ഉറ്റവര്‍ക്ക് തിരികെക്കിട്ടുമോ? അത് വെള്ളത്തിന്റെ തീമുറിവുകളെ കൂടുതല്‍ ആളിക്കത്തിക്കുകയല്ലേ ചെയ്യുക? ഒന്നും നമ്മള്‍ കൊണ്ടുവന്നതല്ല. എല്ലാം സൃഷ്ടിച്ചതാണ്. ഇനിയും അതിന് സാധിക്കും. ഒരു തകര്‍ച്ച ഒന്നിന്റെയും അവസാനവുമല്ല. കൈവിട്ടുപോയതിനെയെല്ലാം പുന:സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശ്രമത്തില്‍ ഈ ലോകം മുഴുവന്‍ ഒപ്പമുണ്ട്. അത്തരം പരസ്പരസഹായത്തിന്റെ ഏറ്റവും തിളക്കമുള്ള കാഴ്ചകളല്ലേ ഇപ്പോള്‍ നമുക്കുചുറ്റുമുള്ളത്. ഇല്ലാതാകുകയല്ല വേണ്ടത്,ഉണ്ടാക്കിയെടുക്കുകയാണ്. നിങ്ങള്‍ തോറ്റയാളല്ല,ജയിക്കേണ്ട മനുഷ്യനാണ്…

മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥന:
ഇത്തരം ആത്മഹത്യാവാര്‍ത്തകള്‍ ദയവുചെയ്ത് ഒഴിവാക്കുക. പ്രശസ്ത മന:ശാസ്ത്രജ്ഞനായ ഡോ.സി.ജെ.ജോണിന്റെ വാക്കുകള്‍ എടുത്തെഴുതട്ടെ: ‘പ്രളയവുമായി ബന്ധപ്പെടുത്തി ആത്മഹത്യകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടമാണ്. സമാന ദു:ഖങ്ങളുള്ള ലക്ഷങ്ങളുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇത് തികച്ചും അനുചിതമാണ്. സ്വയം മരണങ്ങള്‍ക്കുള്ള പ്രചോദനമാകും. റിപ്പിള്‍ എഫക്ട് വരും. മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കണം.’

അധികൃതരോട്:
ക്യാമ്പുകളില്‍ ദയവായി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുക. ക്യാമ്പുകള്‍ അവസാനിച്ചാലും വീടുകളില്‍ അത് തുടരുക.

ദുരിതബാധിതരോട് ഒരിക്കല്‍ക്കൂടി:
നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ഒരു പ്രളയത്തിനും കൊണ്ടുപോകാനാകില്ല അതിനെ. ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക. പിന്നെ ജീവിതത്തോട് പറയുക,തോല്പിക്കാനാകില്ല എന്നെ….

Similar Articles

Comments

Advertismentspot_img

Most Popular