തിരുവനന്തപുരം: ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ടോം ജോസ്. ‘എന്നാല്‍ മറ്റ് അണക്കെട്ടുകള്‍ തുറന്നതില്‍ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സേവനം തേടിയതില്‍ പാളിച്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് നേരത്തെ വയനാട് ജില്ലാ കളക്ടര്‍ ആരോപിച്ചിരുന്നു.
അതേസമയം ചീഫ് സെക്രട്ടറിയുടെ നിലപാടിനെ കെഎസ്ഇബി തള്ളി. ഡാം തുറന്നു വിട്ടതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ്പിള്ള പറഞ്ഞു. നൂറ് ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കെഎസ്ഇബിയുടെ പക്കലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബാണാസുര സാഗര്‍ ഡാമിനെ കുറിച്ച് ഉയര്‍ന്ന പരാമര്‍ശങ്ങള്‍ സത്യത്തിനു നിരക്കാത്തതാണെന്നും എന്‍എസ് പിള്ള പറഞ്ഞു.
ഇടുക്കി, ഇടമലയാര്‍ ഡാമുകളാണ് കേരളം മുഴുവന്‍ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകള്‍ തുറക്കുന്നതിനു മുമ്പായി എന്‍ജിനീയര്‍മാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തിയിരുന്നു. അലര്‍ട്ട് ലെവലുകള്‍ തയ്യാറാക്കി കൃത്യമായ സമയങ്ങളില്‍ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ സേനയെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.