ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടം ഇടിഞ്ഞു വീണു, 7 പേരെ കുറിച്ച് വിവരമില്ല

തൃശൂര്‍: ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. അതിനിടെ ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ്.സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. 7 പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍ പറഞ്ഞു.

ചാലക്കുടി മുരിങ്ങൂര്‍ മേല്‍പ്പാലം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. ആലുവയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നവരാണ് കുടുങ്ങിയത്.

അതേസമയം മലപ്പുറത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു. മറ്റത്തൂര്‍ സ്വദേശി കാളിക്കുട്ടി(70) ആണ് മരിച്ചത്. തൃശൂര്‍ കൂറാഞ്ചേരിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരും. തൃശൂര്‍ ജില്ലയില്‍ 286 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചാലക്കുടി അന്നമലടയില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. തൃശൂരില്‍ മാത്രം മഴക്കെടുതിയില്‍ ഇന്നലെ മരിച്ചത് 20 പേരാണ്.

പാലക്കാട് ഉരുള്‍പൊട്ടലില്‍ കാണാതായ 5 പേര്‍ക്ക് വേണ്ടി ഇന്നും തെരച്ചില്‍ തുടരും. കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം 62 പേരാണ് മരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ആയിരത്തോളം ആളുകളാണ് രക്ഷാപ്രവര്‍ത്തനം കാത്ത് കുടുങ്ങിക്കിടക്കുന്നത്. കുട്ടികളും വയോധികരും ഗര്‍ഭിണികളും കുടുങ്ങിക്കിടക്കുന്നുണ്ട്. നിലവില്‍ 250 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 23 ഹെലികോപ്റ്ററുകള്‍ ഇന്ന് പ്രവര്‍ത്തന സജ്ജമാകും. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് 3 ഹെലികോപ്റ്ററുകള്‍ പോകും. ആര്‍മിയുടെ നാല് ഇടിഎഫ് ടീം കൂടി സംസ്ഥാനത്ത് ഉടനെത്തും.

Similar Articles

Comments

Advertismentspot_img

Most Popular