കൊച്ചി: ദുരിതമനുഭവിക്കുന്ന കേരളത്തിന് നിരവധി സിനിമാ താരങ്ങള്‍ സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന്‍ പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിരൂപ് ധനസഹായമാണ് പ്രഭാസ് നല്‍കിയത്. തന്റെ ആരാധകരോടും കേരളത്തിനൊപ്പം നില്‍ക്കണമെന്നു പ്രഭാസ് ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ദു:ഖം പ്രകടിപ്പിച്ച് ദേവരകൊണ്ട ഫെയ്‌സ്ബുക്കിലുമെത്തി.
കേരളം മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടുകയാണെന്നും അവസ്ഥ മോശമാണെന്നും കേള്‍ക്കുന്നു. എന്റെ ആദ്യ അവധിക്കാലം ഞാന്‍ ചെലവിട്ടത് കേരളത്തില്‍ ആയിരുന്നു. എന്റെ സിനിമകള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും കേരളീയര്‍ നല്‍കിയിട്ടുണ്ട്. എനിക്കറിയാവുന്ന ഒരുപാട് നല്ല മനുഷ്യര്‍ അവിടെയുണ്ട്. ഓരോരുത്തരേയും എങ്ങനെ വ്യക്തിപരമായി ബന്ധപ്പെടണം എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു…
തമിഴ് നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടമായി അഞ്ചു ലക്ഷം നല്‍കുമെന്നും നടികര്‍ സംഘം അറിയിച്ചു. കമല്‍ ഹാസനും വിജയ് ടിവിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യന്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ സഹായം ഇന്ന് വാഗ്ദാനം ചെയ്തു. തമിഴ് നടന്മാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടും മലയാള താരങ്ങള്‍ ഒന്നും പ്രഖ്യാപിക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.