ലക്ഷങ്ങളുടെ ഹാഷിഷുമായി ‘ആക്കിലപ്പറമ്പന്‍’ പിടിയില്‍; എക്‌സൈസ് പിടിച്ചെടുത്തത് 220 ഗ്രാം ഹാഷിഷ്

കൊച്ചി: ലക്ഷങ്ങുടെ ഹാഷിഷുമായി ഫെയ്സ്ബുക്ക് വീഡിയോകളില്‍ അപവാദ പ്രചരണം നടത്തി കുപ്രസിദ്ധനായ ആക്കിലപ്പറമ്പന്‍ എന്ന നസീഹ് അഷറഫ് പിടിയില്‍. ആക്കിലപ്പറമ്പന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയില്‍ വീട്ടില്‍ നസീഹ് അഷറഫ് (25), നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ് പേരാഞ്ചേരി പറമ്പില്‍ വീട്ടില്‍ പി.പി. നവാസ് (24) എന്നിവരെയാണ് ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ആലുവ പറവൂര്‍ കവലയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് എക്സൈസ് പിടിച്ചെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്.

ബംഗളൂരുവില്‍ നിന്നും വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറാന്‍ കൊണ്ട് പോകുമ്പോഴാണ് ഇവര്‍ എക്സൈസ് വലയില്‍ കുടുങ്ങിയത്. സെല്‍ഫി വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയകളില്‍ അസഭ്യവര്‍ഷം നടത്തിയ ആക്കിലപ്പറമ്പന്‍ ഇതിനും മുന്‍പും പൊലീസ് പിടിയിലായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ സെല്‍ഫി വീഡിയോയിലൂടെ പ്രതികരണം നടത്തിയത് മുതലാണ് ആക്കിലിപ്പറമ്പന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ശേഷം സെല്‍ഫി വീഡിയോയിലൂടെ നടന്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ അപവാദം പ്രചരണം നടത്തിയിരുന്നു. ഇതില്‍ ആന്റണി പെരുമ്പാവൂരിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular