ജനകോടികളുടെ വിശ്വാസം വീണ്ടെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്‍; ഓഹരി മൂല്യത്തില്‍ നാലിരട്ടി വര്‍ധനയുണ്ടാക്കിയത് രണ്ട് മാസത്തിനിടെ

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്ന ഓഹരി മൂല്യം 285 രൂപയായി ഉയര്‍ന്നിരിക്കുന്നു. ജയില്‍ മോചിതനായി പൊതുരംഗത്തും ബിസിനസിലും വീണ്ടും സജീവമായി കേവലം രണ്ട് മാസം തികയുമ്പോഴേയ്ക്കും കമ്പനിയുടെ ഓഹരിമൂല്യത്തില്‍ വന്‍ കുതിപ്പുണ്ടായതിന്റെ ആത്മവിശ്വാസത്തിലാണ് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് മേധാവി അറ്റ്ലസ് രാമചന്ദ്രന്‍. ഉപഭോക്താക്കളും വ്യാപാരി സമൂഹവും പുലര്‍ത്തുന്ന വിശ്വസ്തതയുടേയും സ്നേഹത്തിന്റേയും പ്രതിഫലനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അറ്റ്ലസ് രാമചന്ദ്രന്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകവുമായി എത്തിയ അറ്റ്‌ലസ് ഇന്ന് പരസ്യങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത കൊണ്ട് ആളുകള്‍ അറ്റ്ലസിന്റെ ജ്വല്ലറികളെ തേടി വരുന്നുണ്ട്. അറ്റ്ലസിന്റെ ബംഗളൂരു, താനെ ബ്രാഞ്ചുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികള്‍ അറ്റ്ലസിനുണ്ട്. ദുബായിലും, ഇന്ത്യയിലും ജനപങ്കാളിത്തത്തോടെ കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങി ബിസിനസ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വ്യാപാരികളും, ഉപഭോക്താക്കളും, വ്യക്തികളുടേയും പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1991-ല്‍ കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന് ദുബൈയിലെത്തിയ തനിക്ക് ഒന്നുമില്ലായ്മയില്‍ നിന്ന് 48 ഷോറൂമുകളിലെത്തിക്കാന്‍ കഴിഞ്ഞു. അത്തരത്തിലൊരു തിരിച്ചുവരവിന്റെ പാതയിലാണ് അറ്റ്ലസെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അറ്റ്ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 19-ന് നടക്കാനിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7