തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ നടന്‍ അലന്‍സിയറിന്റെ തോക്ക് ചൂണ്ടലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്‌ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരല്‍ വെടി’ ഉതിര്‍ക്കേണ്ടിയിരുന്നത് ? എന്നാല്‍ വിവരമറിയുമെന്നും അദ്ദേഹം പറഞ്ഞു.
വേദിയില്‍ മോഹന്‍ലാല്‍ സംസാരിക്കവേ മുന്നില്‍ നിന്ന് കൈ തോക്കിന്റെ ആകൃതിയിലാക്കി വേദിയിലേക്ക് ചൂണ്ടുകയായിരുന്നു അലന്‍സിയര്‍. മോഹന്‍ലാലിനെ തൊട്ടപ്പോള്‍ പതിവ് പോലെ ഫാന്‍സ് ഒന്നാകെ ഇളകി. അലന്‍സിയറിന് നേര്‍ക്ക് പൂരത്തെറിവിളിയും തുടങ്ങി. താന്‍ വിരല്‍ ചൂണ്ടിയത് മോഹന്‍ലാലിനോടുള്ള പ്രതിഷേധമായിട്ടല്ലെന്നും സമൂഹത്തിന് നേര്‍ക്കാണെന്നും അലന്‍സിയര്‍ പറഞ്ഞതൊന്നും ആരും കേട്ട മട്ടില്ല.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?
സിനിമയിലെ സഹപ്രവര്‍ത്തകന് നേരെ ആദ്യം വെടിയുതിര്‍ത്തത് എം ആര്‍ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .വെടികൊണ്ടത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാല്‍ എം ജി ആറിന് .അതിനു പിന്നില്‍ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവര്‍ത്തകനായ അലന്‍സിയാര്‍. ഭാഗ്യത്തിന് തോക്കില്‍ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യില്‍ ഇല്ലായിരുന്നു .വിരല്‍ ആയിരുന്നു അലന്‍സിയാറിന്റെ സിംബോളിക് തോക്ക് .
അതിനാല്‍ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം. പക്ഷെ വിരല്‍ അങ്ങനെയല്ലല്ലോ .
അത് പല ആവശ്യങ്ങള്‍ക്കും പല അര്‍ഥത്തില്‍ ഉപയോഗിക്കുന്നതാണല്ലോ.
വിരല്‍ പ്രയോഗങ്ങള്‍ പലതാണ് .അഭിനയം പഠിച്ചവര്‍ക്ക് അത് നന്നായി അറിയുകയും ചെയ്യാം. സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ് ?
മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്‌ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ
സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരല്‍ വെടി’ ഉതിര്‍ക്കേണ്ടിയിരുന്നത് ?
(എന്നാല്‍ വിവരമറിയും ).
അതല്ല മോഹന്‍ലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ ‘വിരല്‍ വെടി പോയതെങ്കിലോ ?
(അപ്പോള്‍ ശരിക്ക് വിവരമറിയും ). അനീതികള്‍ക്ക് നേരെ ആരുടെ നേര്‍ക്കും മുട്ടിടിക്കാതെ വിരല്‍ ചൂണ്ടുന്നവനായിരിക്കണം കലാകാരന്‍ .അല്ലാതെ സഹപ്രവര്‍ത്തകനെ പൊതു വേദിയില്‍വെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം .ആര്‍.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേര്‍ക്കു ഉതിര്‍ത്ത വെടിയുണ്ടയേക്കാള്‍ മാരകമാണ്