കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ നേതൃത്വവും വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച നടക്കും. വൈകുന്നേരം നാലിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവില്‍ വിവാദം സൃഷ്ടിച്ചത്. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നെന്നാണു സൂചനകള്‍. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരുന്നതിനായി അമ്മയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടിമാരായ ഹണി റോസും രചനാ നാരായണന്‍കുട്ടിയും നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നീക്കം തുടങ്ങി. വിഷയത്തില്‍ അമ്മയിലെ ഒരു വിഭാഗം താരങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുയര്‍ന്നതും അമ്മയുടെ പിന്തുണ ആവശ്യമില്ലെന്ന് ആക്രമണത്തിനിരയായ നടി തന്നെ വ്യക്തമാക്കിയതുമാണ് ഹര്‍ജി പിന്‍വലിക്കാനുള്ള ആലോചനയ്ക്ക് കാരണം.
ഹര്‍ജിയില്‍ നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അവര്‍ പോലും അറിയാതെ രേഖപ്പെടുത്തിയതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആക്രമണത്തിനിരയായ നടി കൂടി സമ്മതിച്ച് സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അമ്മയിലെ നടിമാരുടെ ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. ഈ ആവശ്യം തങ്ങളുടെ അറിവോടെയല്ലെന്ന നിലപാടാണ് നടിമാര്‍ക്കുള്ളത്. ഇതും ഹര്‍ജി പിന്‍വലിക്കാനുള്ള ആലോചനയ്ക്ക് കാരണമായിട്ടുണ്ട്.