കൊച്ചി: ആദായനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കൂട്ടത്തോടെ നോട്ടീസ്. രണ്ടും മൂന്നും കോടി രൂപ വരെ നികുതി നല്‍കണമെന്നുകാട്ടിയാണ് പല സംഘങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലാഭവിഹിതത്തിനാണ് നികുതി നല്‍കേണ്ടതെങ്കിലും നഷ്ടത്തിലായ ബാങ്കുകള്‍ക്കുപോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകള്‍ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണ് കേരളത്തില്‍ സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികാവശ്യത്തിന് അംഗങ്ങള്‍ക്കുമാത്രം വായ്പ നല്‍കുന്നവയായതിനാല്‍ ഇവയെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഈ ബാങ്കുകള്‍ കാര്‍ഷികേതര വായ്പകളാണ് ഏറെയും നല്‍കുന്നതെന്ന് ആദായനികുതിവകുപ്പ് പറയുന്നു. അതുകൊണ്ട് ഇത്തരം വായ്പകളില്‍നിന്നുള്ള വരുമാനം ആദായനികുതിപരിധിയില്‍ വരുമെന്നാണ് വാദം.
സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് സഹകരണ വകുപ്പിന്റെ ഓഡിറ്റ് ഡയറക്ടറേറ്റില്‍നിന്ന് ആദായനികുതിവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഓഡിറ്റ് സര്‍ട്ടിഫിക്കറ്റില്‍ ബാങ്കുകള്‍ കരുതല്‍ധനമായി മാറ്റിവെച്ച തുക ലാഭമായി പരിഗണിച്ചാണ് ആദായ നികുതി കണക്കാക്കിയിരിക്കുന്നത്.
കിട്ടാക്കടം, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ബാങ്കുകള്‍ വരുമാനത്തില്‍നിന്ന് തുക നീക്കിവെയ്ക്കാറുണ്ട്. ഇതൊഴിവാക്കിയാണ് ഓഡിറ്റില്‍ ബാങ്കുകളുടെ ലാഭവും നഷ്ടവും കണക്കാക്കുന്നത്. ഇത്തരത്തിലുള്ള കരുതല്‍ധനം ലാഭമായി കണക്കാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. ഇതിനെതിരേ ബാങ്കുകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആദായനികുതി വകുപ്പിന് അധികാരമുണ്ടെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സഹകരണസ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നുമുണ്ട്. കരുതല്‍ധനം ലാഭമായി കണക്കാക്കി സംഘത്തില്‍നിന്ന് നികുതി ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുക. തിരുവനന്തപുരം മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇതിനായി പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.