വണ്ണപ്പുറം കൂട്ടക്കൊല: അര്‍ജുന്റെ തലയില്‍ 17 വെട്ടുകള്‍, പ്രതികള്‍ക്കും പരിക്കേറ്റതായി സംശയം, വീട്ടില്‍ നിന്ന് 30 പവന്‍ നഷ്ടപ്പെട്ടു

തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.

ഏറെനേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണന്‍ 20 വര്‍ഷമായി കൈയില്‍ക്കരുതുന്ന കത്തി ചോരപുരണ്ടനിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകശ്രമത്തിനിടെ കൃഷ്ണന്റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പുണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച് പ്രതികള്‍ക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്റെ വീട്ടില്‍ ഉപയോഗിക്കുന്നതാണ്.

അര്‍ജുനെ കൊലപ്പെടുത്തിയത് ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷമെന്ന് സൂചന. അര്‍ജുന്റെ തലയില്‍ മാത്രം പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്പുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. കൃഷ്ണനെ ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എല്ലാവരുടെയും ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ട്. വീട്ടില്‍നിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്.

നാലു പേരുടെ ദേഹത്തും 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നു. കുത്തേറ്റ് അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ചു രവീന്ദ്രന്‍, അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.

ഒന്നിലധികം പേരുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. മോഷണമോ മന്ത്രവാദത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമോ എന്ന സംശയത്തിലാണ് പൊലീസ്. ഞായറാഴ്ച രാത്രിയാണ് കൊപാതകം. ബുധനാഴ്ചയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസിനു ലഭിച്ചു. ഇതിലെ കോള്‍ വിവരങ്ങള്‍ അടുത്ത ദിവസം പരിശോധിക്കും. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നാല്‍പതിലധികം പേരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തു. കൃഷ്ണന്റെ സഹോദരങ്ങളില്‍നിന്നു വിവരം ശേഖരിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.

തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തില്‍ മൂന്ന് സിഐമാര്‍ ഉള്‍പ്പെടുന്ന 25 അംഗ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. കൃഷ്ണന്‍, സുശീല, ആര്‍ഷ, അര്‍ജുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ ഒരേ കുഴിയില്‍ത്തന്നെ ഇന്നലെ സംസ്‌കരിച്ചു. പൊലീസ് നിര്‍ദേശമനുസരിച്ചാണ് ദഹിപ്പിക്കല്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ മറവുചെയ്തതെന്നു കൃഷ്ണന്റെ മൂത്ത സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു.

നാലു മൃതദേഹങ്ങള്‍ കുഴിച്ചിട്ട ചാണകക്കുഴിയുടെ ആഴം നാലടി മാത്രമായിരുന്നു. വീട്ടുപരിസരത്ത് ഒറ്റനോട്ടത്തില്‍ത്തന്നെ കണ്ടുപിടിക്കാനാവുന്ന തരത്തിലായിരുന്നു മണ്ണും കല്ലും ഉപയോഗിച്ചു കുഴിമൂടിയിരുന്നത്. ആരും കണ്ടുപിടിക്കില്ല എന്ന ഉദ്ദേശ്യത്തോടെയല്ല കൊലയാളികള്‍ ഇതു ചെയ്തതെന്നു വ്യക്തം.

അയല്‍വീട്ടുകാരുമായി കാര്യമായ സമ്പര്‍ക്കം പുലര്‍ത്താതിരുന്ന കൃഷ്ണനെയും കുടുംബത്തെയും കാണാതായാല്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ആരും ശ്രദ്ധിക്കില്ലെന്ന് കൊലയാളികള്‍ കരുതിയിരുന്നിരിക്കണം. അങ്ങനെയെങ്കില്‍ ഈ രണ്ടു ദിവസത്തിനിടയില്‍ കടന്നുകളയാനുള്ള പഴുതും കണ്ടെത്തിയിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനു പുറത്തേക്കും പൊലീസ് അന്വേഷണം ഉടന്‍ വ്യാപിപ്പിച്ചേക്കും.

അതേസമയം കൊലപാതകത്തിനു കാരണമായി പൊലീസ് സംശയിക്കുന്നത് രണ്ടു പ്രധാന സാധ്യതകളാണ്. മോഷണം, മന്ത്രവാദമോ പൂജയോ സംബന്ധിച്ച തര്‍ക്കമാകാം കാരണം. കൃഷ്ണന്റെ വീട്ടില്‍നിന്ന് മുപ്പതു പവനിലധികം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. പൂജ ചെയ്തു കിട്ടുന്ന പണംകൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങിയിരുന്നു. വീട്ടില്‍ സ്വര്‍ണം ഉള്ള കാര്യം അറിയാവുന്ന ആരെങ്കിലും മോഷണത്തിനു വേണ്ടി കൊലപാതകം നടത്തിയതാണോ എന്നാണ് പൊലീസിന്റെ ആദ്യ സംശയം.

വീട്ടില്‍ നില്‍ക്കുമ്പോഴും ധാരാളം ആഭരണങ്ങള്‍ അണിയുന്ന സ്വഭാവക്കാരായിരുന്നു കൃഷ്ണനും ഭാര്യ സുശീലയും. ആറുപവന്റെ മാലയും വളകളും സുശീല പതിവായി അണിഞ്ഞിരുന്നു. കൃഷ്ണന്‍ മാലയും നാലു മോതിരങ്ങളും അണിഞ്ഞിരുന്നു. ഇവരുടെ മൃതദേഹങ്ങളില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുമില്ല.

മകള്‍ ആര്‍ഷയുടെ മുറിയിലെ അലമാരയില്‍ മുപ്പതു പവനിലധികം ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതായി മാതൃസഹോദരി ഓമന പറയുന്നു. വലിയൊരു ഡപ്പിയില്‍ ആറു പവനോളം തൂക്കം വരുന്ന നാലു മാല, ചെയിന്‍, പാദസരം എന്നിവ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് പൂട്ടില്ലാതെ അലമാരയില്‍ വച്ചിരുന്നത്.

ഏപ്രിലില്‍ ഇവരുടെ വീട്ടില്‍ വന്നപ്പോള്‍ സുശീല തന്നെ ആഭരണങ്ങള്‍ കാണിച്ചിരുന്നതായും ഓമന പറഞ്ഞു. സുരക്ഷിതത്വത്തെക്കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും ഇവിടം സുരക്ഷിതമാണെന്നായിരുന്നു മറുപടിയെന്നും ഓമന പറയുന്നു. പതിവായി മന്ത്രവാദവും പൂജകളും നടത്തിയിരുന്ന കൃഷ്ണനു പൂജകളെച്ചൊല്ലി ആരെങ്കിലുമായി ശത്രുതയുണ്ടോ എന്നതും പൊലീസ് ആദ്യം മുതല്‍ സംശയിക്കുന്നുണ്ട്. വാഗ്ദാനം ചെയ്ത ഫലം ലഭിക്കാത്തതിനെ തുടര്‍ന്നു പണത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായതായി സൂചനയുണ്ട്. പൂജ നടത്തിയാല്‍ പെട്ടെന്നു സ്ഥലവില്‍പന നടക്കുമെന്ന് വിശ്വസിച്ച് നെടുങ്കണ്ടം സ്വദേശി ആറുമാസം മുന്‍പ് കൃഷ്ണനെ സമീപിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. കമ്പകക്കാനത്തെ വീട്ടിലെത്തി ആറുമാസത്തോളം പൂജകളും മന്ത്രവാദവും നടത്തിയിരുന്നതായും വിവരമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7