തൊടുപുഴ: വണ്ണപ്പുറം കൂട്ടക്കൊല നടന്നത് ഞായറാഴ്ച രാത്രി 10.53ന് ശേഷമെന്ന് സൂചന. കൊല്ലപ്പെട്ട ആര്‍ഷ കൃഷ്ണന്‍ ഈ സമയം വരെ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നതായി വിവരം. രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെന്ന് കോളെജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. തൊടുപുഴ ബിഎഡ് കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ഷ. അതേസമയം വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ കരഞ്ഞുവെന്ന് ക്ലാസ് ടീച്ചര്‍ പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ കൂട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞു. ആര്‍ഷയെ വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു. എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന പ്രകൃതമാണ് ആര്‍ഷയുടേതെന്ന് സഹപാഠികള്‍ പറഞ്ഞു.
ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങളാണ് വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ കൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്. വീടിന് സമീപമുള്ള തൊഴുത്തിനോട് ചേര്‍ന്ന ഒരു കുഴിയില്‍ നിന്നാണ് തൊടുപുഴ തഹസീല്‍ദാറുടെ മേല്‍നോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
കൊലയാളികള്‍ കൊല്ലപ്പെട്ടവരുമായി അടുപ്പബന്ധമുളളവരാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനത്തിന് സാധ്യതയേറുകയാണ്. സാഹചര്യത്തെളിവുകളുടെയും നാട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം. വാതിലുകള്‍ തകര്‍ത്തിട്ടില്ലെന്നതു കൃഷ്ണനു പരിചയമുള്ളവരാണ് അക്രമികളെന്നു സൂചന നല്‍കുന്നു. വ്യക്തി വൈരാഗ്യമോ മന്ത്രവാദ കര്‍മങ്ങള്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യമോ മൂലമാണ് കൊലപാതകമെന്നാണു സംശയിക്കുന്നത്. അടുത്ത കാലത്ത് പൂജ പരാജയപ്പെട്ടതിന്റെ പേരില്‍ പോലീസില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെ കൊലപാതകം നടന്നതായാണു കരുതുന്നത്.
ഇന്നലെ രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കും. കാനാട്ട് വീട്ടില്‍ പൂജകള്‍ക്കായി ഒട്ടേറെപ്പേര്‍ വരിക പതിവായിരുന്നു. നെല്‍ മണികള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാണ് കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉള്‍പ്പെടെ നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒറ്റപ്പെട്ട വീട്ടിലേക്ക് ഒട്ടേറെ വാഹനങ്ങള്‍ സ്ഥിരമായി വന്നുപോയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് വന്നിരുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്.
കൃഷ്ണന്‍ അന്‍പതിനായിരം രൂപ വരെ പൂജ നടത്താന്‍ ഫീസ് വാങ്ങിയിരുന്നതായാണു വിവരം. വാഗ്ദാനം ചെയ്ത പ്രയോജനം ലഭിക്കാതെ വന്നവരില്‍ ആരെങ്കിലുമാണോ കൃത്യത്തിനു പിന്നിലെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. പൂജയ്ക്കു വാഗ്ദാനം ചെയ്ത ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് 40,000 രൂപയോളം അടുത്തിടെ തിരിച്ചു നല്‍കേണ്ടി വന്നതായും പറയപ്പെടുന്നു. പുറത്തു വിവിധ സ്ഥലങ്ങളില്‍ പോയും കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നു. ഇത് എവിടെയൊക്കെയാണെന്നതു സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
ദുരൂഹതകള്‍ നിറഞ്ഞ പശ്ചാത്തലത്തിലാണ് കൊലപാതകം നടന്ന വണ്ണപ്പുറത്തെ വീട് സ്ഥിതി ചെയ്യുന്നത്. മന്ത്രവാദം നടത്തുന്നതിന് വേണ്ടി സജ്ജമാക്കിയതുപോലെ വായുസഞ്ചാരമില്ലാതെ അടച്ചുകെട്ടിയ വീട്ടിലാണ് നാലംഗ കുടുംബം താമസിച്ചിരുന്നത്.വണ്ണപ്പുറം കമ്പകക്കാനത്ത് പ്രധാന റോഡില്‍ നിന്നു താഴേക്ക് നടപ്പാതയിലൂടെ സഞ്ചരിച്ചു വേണം കൊലനടന്ന കാനാട്ട് വീട്ടിലെത്താന്‍. ഒറ്റപ്പെട്ട മേഖലയാണിത്. ഒരേക്കര്‍ സ്ഥലത്ത് റബറും കൊക്കോയും കൃഷി ചെയ്യുന്നുണ്ട്. പറമ്പിനു നടുവിലായാണു വീട്. ചുറ്റും റബറും മറ്റു മരങ്ങളും. തൊട്ടടുത്തെങ്ങും വീടുകളില്ല.