മുംബൈ: തുടര്‍ച്ചയായ രണ്ടാംതവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനവും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോനിരക്കും സമാനമായി ഉയര്‍ത്തിയാണ് വായ്പ നയം പ്രഖ്യാപിച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരാന്‍ സാധ്യതയേറി.
നാലുവര്‍ഷത്തിനുശേഷം ആദ്യമായാണ് കഴിഞ്ഞ തവണ നടന്ന പണവായ്പ നയ അവലോകന യോഗത്തില്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചത്.പുതിയ വായ്പനയപ്രഖ്യാപനത്തോടെ റിപ്പോനിരക്ക് 6.50 ശതമാനവും റിവേഴ്സ് റിപ്പോനിരക്ക് 6.25 ശതമാനവുമായാണ് ഉയര്‍ത്തിയത്. റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പകളുടെ നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും. മറ്റു വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ഉയരും.