കോഴിക്കോട്: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ നായിക മിഷേല്‍ ആന്‍ ഡാനിയേലിനെ അമ്മയും ബന്ധുവും ചേര്‍ന്ന് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അമ്മയും ബന്ധുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മിഷേല്‍ എറണാകുളം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിന് പരാതി നല്‍കി എന്ന മട്ടിലാണ് വിവിധ ഓണ്‍ലൈനുകളില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മിഷേലും അമ്മ ആനി ലിബുവും. അഡാര്‍ ലവില്‍ ആനി ലിബുവും അഭിനയിക്കുന്നുണ്ട്.
താന്‍ ഇത്തരത്തില്‍ പൊലീസില്‍ ഒരു പരാതി കൊടുത്തിട്ടില്ലെന്നും ഈ വാര്‍ത്തകള്‍ വ്യാജമാണെന്നും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മിഷേല്‍ പറഞ്ഞു.
‘അമ്മയ്ക്കെതിരേയും എനിക്കെതിരേയും വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഞങ്ങളെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിനെ നിയമപരമായി നേരിടാനാണ് തീരുമാനം. അത് എവിടെ നിന്നാണെങ്കിലും. അമേരിക്കയില്‍ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി അയക്കുന്നതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് ഒരു അഡാര്‍ ലൗവിനെതിരേ നടക്കുന്ന ആക്രമണമാണ്. നെഗറ്റീവ് ഇമേജ് ഉണ്ടാക്കി സിനിമയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഞങ്ങള്‍ എല്ലാവരും ഒന്നടങ്കം നിന്ന് ഈ ചിത്രം വിജയിപ്പിക്കും’മിഷേലിന്റെ അമ്മ ആനി ലിബു പ്രതികരിച്ചു.
അമ്മയും ആന്റിയും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും തനിക്കിത് താങ്ങാനാവില്ലെന്നും അവര്‍ ഒരുപക്ഷേ തന്നെ കൊല്ലാന്‍ പോലും സാധ്യത ഉണ്ടെന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും മിഷേല്‍ പരാതിയില്‍ പറയുന്നതായാണ് വെബ്സൈറ്റുകള്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്. പരാതിയുടെ കോപ്പിയും ഇവര്‍ വാര്‍ത്തയ്ക്കൊപ്പം നല്‍കുകയും ചെയ്തിരുന്നു. പീഡനത്തെ തുടര്‍ന്ന് യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെതിരേയാണ് മിഷേലും അമ്മയും രംഗത്തുവന്നത്.