ന്യൂഡല്‍ഹി: പിഎസ് ശ്രീധരന്‍പിള്ള ബിജപി സംസ്ഥാന അധ്യക്ഷനായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധര പക്ഷത്തിന്റെ അഭിപ്രായം തള്ളിയാണ് കേന്ദ്രനേതൃത്വം ശ്രീധരന്‍ പിള്ളയെ തീരുമാനിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകട്ടെയെന്നാണ് ആര്‍എസ്എസിന്റെയും നിലപാട്.
ദേശീയ സംഘടന സെക്രട്ടറി റാം ലാലുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും ശ്രീധരന്‍പിള്ളയടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച
നടത്തി. നിലവിലെ ഗ്രൂപ്പുകളില്‍ പെടാതെ നില്‍ക്കുന്നയൊരാളെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീധരന്‍പിള്ളയിലെത്തി നില്‍ക്കുന്നത്.
മിസോറം ഗവര്‍ണറായി നിയമിച്ച മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനും തീരുമാനമായി എന്നറിയുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ നീക്കം. കുമ്മനത്തെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ആര്‍എസ്എസിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനത്തെ തിരികെക്കൊണ്ടുവരാനാണ് തീരുമാനം എന്നറിയുന്നു.