കണ്ണൂര്‍: സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പികെ ശ്രീമതി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിമര്‍ശനം. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജോസഫൈന് നേരെയുണ്ടായിരിക്കുന്ന അക്രമം അപലപനീയമാണെന്നും ശ്രീമതി പറയുന്നു
ഒരു ഫോണും സൈബര്‍ വലയും ഉണ്ടെങ്കില്‍ എന്തുമാവാമെന്നു കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശക്തമായ നടപടി ഒട്ടും വൈകാതെ സൈബര്‍ അസുരവിത്തുക്കള്‍ക്കെതിരെ ഉണ്ടാകണമെന്നും പികെ ശ്രീമതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ തമ്മനത്ത് യൂണിഫോമില്‍ മീന്‍ വിറ്റ കൊളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെയും ഇത്തരത്തില്‍ സൈബര്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം അരങ്ങേറിയിരുന്നു. ജീവിതവൃത്തിക്കായി മീന്‍വീറ്റ പെണ്‍കുട്ടിയുടെത് നാടകമാണെന്നും സിനിമാ പ്രമോഷന് വേണ്ടിയുള്ള തട്ടിപ്പാണെന്നുമായിരുന്നു പ്രചാരണം. ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം
സൈബര്‍ അക്രമണം കിരാതമായിരിക്കുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പ്പേഴ്സന്‍ സ. ജോസഫൈനു നേരെ നടന്ന സൈബര്‍ ആക്രമണം അത്യന്തമപലപനീയം. ഞെട്ടിപ്പിക്കുന്ന വാക്കുകള്‍. അമ്മ പെറ്റ മക്കള്‍ തന്നെയാണോ ഇതൊക്കെ എഴുതിയത്? ഒരു ഫോണും സൈബര്‍ വലയും ഉണ്ടെങ്കില്‍ എന്തുമാവാമെന്നു കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശക്തമായ നടപടി ഒട്ടും വൈകാതെ സൈബര്‍ അസുരവിത്തുക്കള്‍ക്കെതിരെ ഉണ്ടാകണം