പാലക്കാട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പതിനേഴുകാരന്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്തി. തന്റെ വീട്ടീലേക്കുള്ള വഴി ചാറ്റിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന യുവതി ഒരു ഘട്ടമെത്തിയപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് മുങ്ങിയതോടെ പതിനേഴുകാരന്‍ കുടുങ്ങി. ഒടുവില്‍ രക്ഷകരായതാകട്ടെ പോലീസും.
ഫേസ്ബുക്ക് വഴി മാത്രമുള്ള ബന്ധത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് നിന്നാണ് യുവാവ് വടക്കഞ്ചേരിയിലെത്തിയത്. പെണ്‍കുട്ടിയുടെ വീടോ ഫോണ്‍ നമ്പറോ ഒന്നും തന്നെ യുവാവിന് അറിയില്ലായിരുന്നു. മെസഞ്ചറിലൂടെ ചാറ്റ് ചെയ്താണ് യുവാവ് യുവതിയെ തേടി വടക്കഞ്ചേരിയിലെത്തിയത്. തന്റെ വീട്ടീലേക്കുള്ള വഴി ചാറ്റിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന യുവതി ഒരു ഘട്ടമെത്തിയപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് റിപ്ലൈ കൊടുക്കാതെയായി. യുവതിയെ കണ്ടെത്താനാകാതെ വരികയും കൈയിലുണ്ടായിരുന്ന പണം തീരുകയും ചെയ്തതോടെ യുവാവ് വെട്ടിലായി. ഇതോടെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് മൂന്നു നേരം ഭക്ഷണവും കൊടുത്താണ് വിട്ടത്.
യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് എത്തിയതെന്ന് പതിനേഴുകാരന്‍ പറഞ്ഞു. ട്രെയിനില്‍ തൃശൂരിലെത്തി അവിടെ നിന്നു പാലക്കാട്ടേക്കു ബസ് കയറിയ ഇയാള്‍ വ്യാഴം രാത്രി എട്ടിന് വടക്കഞ്ചേരിയില്‍ ഇറങ്ങി. യുവതി നല്‍കിയ വിവരമനുസരിച്ച് രാത്രി 10ന് ഓട്ടോറിക്ഷയില്‍ പുതുക്കോടെത്തി. പുതുക്കോട് എത്തിയെന്ന് അറിഞ്ഞതോടെ യുവതി ഡാറ്റ ഓഫ് ചെയ്തു.
നാട്ടുകാരുമായി സംസാരിച്ചെങ്കിലും യുവതിയുടെ പേരുള്ള ഒരുപാട്പേരുണ്ടായിരുന്നതിനാല്‍ ഓരോ വീട്ടിലും അന്വേഷിക്കാമെന്നായി അവര്‍. അതു പന്തിയല്ലെന്നു തോന്നിയ ഓട്ടോ ഡ്രൈവര്‍ യുവാവിനെ ചില പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.വീടിനു സമീപം വരെ എത്തിയെന്ന് അറിയിച്ചതോടെയാണു കൂടുതല്‍ വഴി പറഞ്ഞു കൊടുക്കാതെ യുവതി തടിതപ്പിയത്.
ഓട്ടോയില്‍ പുതുക്കോട് എത്തിയതിന് പിന്നാലെ യുവാവിന്റെ കയ്യിലെ പണവും തീര്‍ന്നിരുന്നു.യുവതിയുടെ ഫോണ്‍ നമ്പര്‍ തന്റെ കൈയിലില്ലെന്നും എന്നാല്‍ താന്‍ നമ്ബര്‍ കൊടുത്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.വീട്ടുകാരുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ സുഹൃത്തിനെ കാണാന്‍ പാലക്കാട് പോകുന്നെന്ന് അറിയിച്ചിരുന്നതായി അമ്മ പറഞ്ഞു. സ്റ്റേഷനിലിരുത്തിയ ഇയാളെ തിരുവനന്തപുരത്തു നിന്ന് വീട്ടുകാരെത്തിയപ്പോള്‍ കൂടെ വിട്ടു.